ഗുരുവായൂര്‍: ഒരു വര്‍ഷം കൊണ്ട് ഒരു കോടി രൂപയുടെ വരുമാനം സ്വന്തമാക്കി ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലെ കുടുംബശ്രീ നഗര ഉപജീവന കേന്ദ്രം. 1,01,17,562 രൂപയാണ് ഒരു വര്‍ഷം ഇവിടെ വരുമാനമായി ലഭിച്ചത്. പ്രസാദ് പദ്ധതിയില്‍ ഏഴ് കോടി രൂപ ചെലവിട്ട് നിര്‍മിച്ച അമിനിറ്റി സെന്ററിലാണ് ഉപജീവന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പ്രതിമാസ വരുമാനത്തിന്റെ 50 ശതമാനം കുടുംബശ്രീക്കും 50 ശതമാനം നഗരസഭക്കുമാണ്.
2022 നവംബര്‍ 17നാണ് നഗര ഉപജീവന കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. വനിതകള്‍ക്ക് പ്രാദേശികമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കി വരുമാനം നേടാന്‍ സഹായിക്കുക എന്നതായിരുന്നു ലക്ഷ്യം. നിലവില്‍ മൂന്നു ഷിഫ്റ്റിലായി 32 വനിതകള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ക്ലോക്ക് റൂം, 32 പേര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഡോര്‍മെറ്ററി, ഫ്രഷ് അപ് സൗകര്യങ്ങള്‍, 40 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍, വിശ്രമസ്ഥലം എന്നിവയുണ്ട്.
40 ശുചിമുറികളും എട്ട് ഡ്രസിങ് റൂമുകളും ഉണ്ട്. രാത്രിയില്‍ ഹാളില്‍ വിരിയും തലയണയും നല്‍കും. ഇതോടൊപ്പം ഇവന്റ് മാനേജ്മെന്റും കുടുംബശ്രീ ഉല്പന്നങ്ങള് വില്‍ക്കുന്ന സിഗ്നേച്ചര്‍ ഷോപ്പുമുണ്ട്. നാല് വനിതകള്‍ ചേര്‍ന്ന് നടത്തുന്ന ലഘു ഭക്ഷണശാലയും ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഉപജീവന കേന്ദ്രത്തിന്റെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ കിഴക്കേനടയിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനവും നഗരസഭ കുടുംബശ്രീയേയാണ് ഏൽപിച്ചിട്ടുള്ളത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തന മൂലധനമായ അഞ്ച് ലക്ഷം രൂപ കണ്ടെത്തിയത് നഗര ഉപജീവന കേന്ദ്രത്തിന്റെ വരുമാനത്തില്‍ നിന്നായിരുന്നു. 45 വനിതകള്‍ക്കാണ് ഫെസിലിറ്റേഷന്‍ സെന്ററില്‍ ജോലി ലഭിച്ചിട്ടുള്ളത്.
നഗരമേഖലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് മെച്ചപ്പെട്ട പരിശീലനവും തൊഴിലും വരുമാന മാര്‍ഗങ്ങളും ഉറപ്പുവരുത്തുകയാണ് ഉപജീവന കേന്ദ്രങ്ങളുടെ ലക്ഷ്യമെന്ന് ചെയര്മാന് എം. കൃഷ്ണദാസ് പറഞ്ഞു. പ്രസാദ് പദ്ധതിയില്‍ നിര്‍മിച്ച അമിനിറ്റി സെന്റിന്റെയും ഫെസിലിറ്റേഷന്‍ സെന്ററിന്റെയും നടത്തിപ്പ് കുടുംബശ്രീക്ക് കൈമാറാനുള്ള നഗരസഭ കൗണ്‍സിലിന്റെ തീരുമാനം ശരിയാണെന്ന് ഇവരുടെ പ്രവര്‍ത്തനം തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.