ചാവക്കാട്: അഞ്ച് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഗുരുവായൂർ അഴുക്കുചാൽ പദ്ധതി യാഥാർഥ്യമാകുന്നു. ഏപ്രിൽ 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ചക്കംകണ്ടത്ത് സ്ഥാപിച്ച മൂന്ന് ദശലക്ഷം ലിറ്റർ ശേഷിയുള്ള മാലിന്യ സംസ്കരണ ശാഖ, മൂന്ന് സംഭരണ കിണറുകൾ, മൂന്ന് പമ്പ് ഹൗസുകൾ, 7.34 കി.മീറ്റർ സ്വീവറേജ് സംഭരണ ശൃംഖല, പമ്പുസെറ്റുകൾ, ജനറേറ്ററുകൾ ഉൾപ്പെടെ 13.23 കോടി രൂപയാണ് പദ്ധതി നിർവഹണത്തിന് ചെലവഴിച്ചത്.
പദ്ധതിയുടെ മൂന്ന് ദശലക്ഷം ശേഷിയുള്ള മാലിന്യ സംസ്കരണശാലയുടെ പ്രവൃത്തികളുടെ 90 ശതമാനം 2010ന് മുമ്പേ പൂർത്തിയായിരുന്നു. എന്നാൽ, സംഭരണ ശൃംഖലയുടെ പ്രവർത്തനാനുമതി 2011 ജൂലൈ 20ന് 850 ലക്ഷം രൂപക്ക് നൽകിയെങ്കിലും പലവിധ സാങ്കേതിക കാരണങ്ങളാൽ പ്രവൃത്തി പൂർത്തീകരിക്കാൻ സാധിച്ചില്ല. തീർഥാടന കേന്ദ്രമായ ക്ഷേത്രനഗരിയിലെ തിരക്കുകളും ഇടുങ്ങിയ റോഡുകളും ഉയർന്ന ജലവിതാനവും പദ്ധതിയെ ബാധിച്ചു. പല കാലഘട്ടങ്ങളിലായി സംഭരണ ശൃംഖലയുടെ പരിശോധനക്കായി സ്ഥാപിച്ച മാൻഹോളുകൾ കാലാകാലങ്ങളിൽ ചെയ്ത ടാറിങ്ങിൽ മൂടിപ്പോയതിനാൽ ന്യൂനതകൾ പരിശോധിച്ച് അവ പരിഹരിക്കുന്നതിന് കാലതാമസം എടുത്തു.
ഗുരുവായൂർ അഴുക്കുചാൽ പദ്ധതി സെപ്റ്റംബർ 30ന് മാലിന്യ സംസ്കരണ ശാല ഉൾപ്പെടെ ഭാഗികമായും 2011 നവംബർ 16ന് പൂർണമായും കമീഷൻ ചെയ്ത് സ്വീവറേജ് കണക്ഷനുകൾ കൊടുത്തുതുടങ്ങിയിരുന്നു. അഴുക്കുചാൽ പദ്ധതിക്കായി പൊളിച്ച ഗുരുവായൂർ ഔട്ടർറിങ് റോഡിന്റെ നവീകരണം 4.25 കോടി രൂപ ചെലവിൽ പൂർത്തീകരിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.