ഗുരുവായൂര്‍: ആനത്താവളത്തിലെ പുന്നത്തൂര്‍ കോവിലകത്തിെൻറ ചുമരുകളിൽ ഇപ്പോഴും തങ്ങിനിൽപ്പുണ്ട് പി. കൃഷ്ണമൂർത്തിയെന്ന അതുല്യ കലാകാരൻ ചാർത്തിയ 'ചന്ദനലേപ സുഗന്ധം'. ചരിത്രം തിരുത്തിയെഴുതിയ ചലച്ചിത്രകാവ്യമായ 'ഒരു വടക്കൻ വീരഗാഥ'യുടെ കലാസംവിധാനത്തിനായി മാസങ്ങളോളം കൃഷ്ണമൂര്‍ത്തി ഗുരുവായൂരിൽ തങ്ങിയിരുന്നു. ആനത്താവളവും കോവിലകവുമെല്ലാം ഉൾപ്പെടുന്ന പ്രദേശത്തെ തെൻറ ഭാവനാസമ്പന്നതയിലൂടെ വടക്കന്‍ പാട്ടുകാലത്തേക്ക് പുനർജനിപ്പിക്കുകയായിരുന്നു ആ അതുല്യശിൽപി.
1989 കാലഘട്ടത്തിലായിരുന്നു വീരഗാഥയുടെ ചിത്രീകരണം. മുടി നീട്ടിവളര്‍ത്തിയ ഒരു ചെറുപ്പക്കാരന് ധ്യാനനിമഗ്നമായി മണിക്കൂറുകളോളം നില്‍ക്കുന്നത് അക്കാലത്ത് ആനത്താവളത്തിലെത്തുന്നവർക്കെല്ലാം കൗതുക കാഴ്ചയായിരുന്നു.
ധ്യാനനിമഗ്നമായ ആ മനസ്സില്‍ വിരിഞ്ഞ ഭാവനയിൽ ആനത്താവളവും കോവിലകവുമെല്ലാം വടക്കന്‍ പാട്ടിെൻറ ചരിത്ര പശ്ചാത്തലത്തിലേക്ക് മാറിയത് അത്ഭുതകരമായ വേഗത്തിലാണ്. പുന്നത്തൂര്‍ കോവിലകത്തിെൻറ നടുമുറ്റം താമരക്കുളമായി, വാട്ടര്‍ ടാങ്കുകള്‍ ഗോപുരങ്ങളായി, ചുമരുകളില്‍ ചിത്രങ്ങള്‍ നിറഞ്ഞു, നാടകശാലയും അങ്കത്തട്ടുമൊക്കെ ഒരുങ്ങി..... തച്ചോളി ചന്തുവും ഉണ്ണിയാര്‍ച്ചയും ആരോമല്‍ ചേകവരും കണ്ണപ്പന് ചേകവരും അരിങ്ങോടരുമൊക്കെ അവിടെ പുനര്ജന്മമെടുത്തു. വടക്കന്‍ വീരഗാഥയെ മലയാളിയുടെ മനസ്സില്‍ ഇതിഹാസ സിനിമയായി പതിപ്പിച്ചുറപ്പിക്കുന്നതില് അതിെൻറ കലാസംവിധായകനായ കൃഷ്ണമൂര്‍ത്തിക്കും ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു.
അതിനുള്ള അംഗീകാരമായി അദ്ദേഹത്തിന് ഒരു വടക്കന്‍ വീരഗാഥയിലൂടെ വസ്ത്രാലങ്കാരത്തിനും കലാസംവിധാനത്തിനും രണ്ട് ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചു. വീരഗാഥയുടെ ഷൂട്ടിങ് കഴിഞ്ഞിട്ടും പിന്നീടെത്രയോ വര്‍ഷങ്ങള്‍ ആനത്താവളത്തിലെ കോവിലകം കെട്ടിടത്തില്‍ കൃഷ്ണമൂര്‍ത്തിയുടെ കൈയൊപ്പുകള്‍ മായാതെ കിടന്നിരുന്നു. സന്ദര്‍ശകരായി എത്തിയ പലരും കരുതിയിരുന്നത് അതെല്ലാം പഴയ നാടുവാഴി ഭരണകാലത്തിെൻറ അവശേഷിപ്പുകളാണെന്നാണ്. ഈ സിനിമ വഴി ആനത്താവളത്തിെൻറ പ്രശസ്തിയും വര്‍ധിച്ചു.
ഗുരുവായൂരിന് മറക്കാനാവാത്ത കുറെ ഓര്‍മകള്‍ സമ്മാനിച്ചാണ് വീരഗാഥയുടെ രാജശിൽപിയായ കൃഷ്ണമൂര്‍ത്തി കാലയവനികയില്‍ മറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.