ഗുരുവായൂർ: കമ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്ന കെ. ദാമോദരൻ ഗ്രന്ഥശാല പ്രസ്ഥാനത്തിന് നൽകിയ സംഭാവനകൾ ചിലർ അറിയാത്തതുപോലെ നടിക്കുകയാണെന്ന് കവി മാധവൻ പുറച്ചേരി. ഗ്രന്ഥശാല പ്രസ്ഥാനത്തിന് പി.എൻ. പണിക്കർ നൽകിയ സംഭാവനകളെ ആദരവോടെ കാണുമ്പോഴും യഥാർഥത്തിൽ ആദ്യം ആദരിക്കപ്പെടേണ്ട വ്യക്തിത്വമാരാണെന്ന് ചിലർ അറിയാത്തതുപോലെ നടിക്കുന്നതിൽ അമർഷമുണ്ടെന്ന് മാധവൻ പുറച്ചേരി ഫേസ്ബുക്കിൽ കുറിച്ചു.
1936ൽ ലഖ്നോവിൽ നടന്ന അഖിലേന്ത്യ പുരോഗമന സാഹിത്യകാരന്മാരുടെ സമ്മേളനത്തിൽ മലയാളത്തെ പ്രതിനിധാനം ചെയ്തത് ദാമോദരനായിരുന്നു. ആൾ ഇന്ത്യ പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ നിലവിൽ വരികയും അതിന്റെ നേതൃസമിതിയിൽ അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും ചെയ്തു. വർഗ ബന്ധങ്ങളുടെയും വർഗാധിപത്യത്തെയും വിശകലനം ചെയ്യുമ്പോഴും സംസ്കാരത്തെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവരണ്ടേതിന്റെ പ്രാധാന്യം ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതാക്കൾ പോലും തിരിച്ചറിഞ്ഞിരുന്നില്ലെന്നും കുറിപ്പിലുണ്ട്. സമ്മേളനത്തിന് ആളെക്കൂട്ടാനും പാർട്ടി പരിപാടികൾ പ്രചരിപ്പിക്കാനുള്ള ഉപാധിയായി മാത്രമാണ് സാംസ്കാരികരംഗത്തെ ഉപയോഗിച്ചിരുന്നത്. 1937 ജൂൺ 11ന് മലബാറിലെ ഗ്രന്ഥശാലകൾ സംഘടിച്ച് കെ. ദാമോദരൻ കൺവീനറായി അഖില മലബാർ വായനശാല സംഘം നിലവിൽ വന്നു. 150 ഗ്രന്ഥശാലകളിൽനിന്നായി 300 പേർ പങ്കെടുത്ത ആ യോഗം ഗ്രന്ഥശാലകളുടെ ചരിത്രത്തിൽ സുപ്രധാനമാണ്. 1943ൽ കേരളമാകെ വ്യാപിപ്പിച്ച് കേരള ഗ്രന്ഥാലയ സംഘമാക്കാൻ അണിയറയിൽ പ്രവർത്തിച്ചതും ദാമോദരനായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി.
ജയിലിലായതിനാൽ അദ്ദേഹത്തിന് സമ്മേളനത്തിൽ പങ്കെടുക്കാനായില്ല. ദേശീയ പ്രസ്ഥാനവുമായി ബന്ധമുള്ള ഗ്രന്ഥാലയ സംഘത്തെ തിരുവിതാംകൂറിൽനിന്ന് അകറ്റി നിർത്താൻ വേണ്ടിയാണ് ദിവാൻ അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘമുണ്ടാക്കിയത്. എന്നാൽ ഇന്ന് പി.എൻ. പണിക്കരാണ് ഗ്രന്ഥശാല സംഘത്തിന്റെ പിതാവെന്നു വരെ പറയുന്നതായും കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഡോക്ടർ ഷിവാഗോ റഷ്യയിൽ നിരോധിച്ചതിനെതിരെ ക്രൂഷ്ചേവിനോട് സംസാരിക്കാൻ ധൈര്യം കാണിച്ച കമ്യൂണിസ്റ്റാണ് കെ.ദാമോദരൻ. വായനയെ വലിയ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനമാക്കിയ കെ. ദാമോദരനെ മറന്നുകൊണ്ട് വായനാവാരാഘോഷം ശരിയല്ല. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ തന്നെ സംസ്ഥാനത്താകെ കെ. ദാമോദരൻ ദിനം വിപുലമായി ആചരിക്കണമെന്നും നിർദേശിച്ചു. കെ. ദാമോദരനെപ്പോലെ മഹാനായ ധിഷണാശാലിയെ ഉചിതമായ രീതിയിൽ അഭിസംബോധന ചെയ്യാൻ നമുക്കിനിയും സാധിച്ചിട്ടില്ലെന്നും മാധവൻ പുറച്ചേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.