ഗുരുവായൂര്‍: ശ്മശാന ഭൂമികളെ കുരുന്നുകള്‍ പൂത്തുമ്പികളെപോല് പാറിക്കളിക്കുന്ന കളിയിടങ്ങളാക്കി ഗുരുവായൂര്‍ നഗരസഭ. നഗരസഭയിലെ മൂന്ന് ശ്മശാനങ്ങളാണ് കുട്ടികളുടെ പാര്‍ക്കായി മാറിയത്. കോട്ടപ്പടി ചാത്തന്കാടുള്ള ശ്മശാനമാണ് ഈ പട്ടികയില്‍ ഒടുവില്‍ ഇടം നേടുന്നത്.
അയ്യങ്കാളിയുടെ പേര് നല്‍കിയിട്ടുള്ള പാര്‍ക്ക് ബുധനാഴ്ച ഉച്ചക്ക് 2.30ന് സ്പീക്കര്‍ എ.എം. ഷംസീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പാര്‍ക്ക് നിര്‍മിച്ചത്.
28 സെന്റോളം സ്ഥലമാണ് പാര്‍ക്കിനായി ഉപയോഗിച്ചത്. ഈ പ്രദേശം പൂക്കോട് പഞ്ചായത്തിന്റെ ഭാഗമായിരുന്ന കാലത്ത് ശ്മശാനമായിരുന്നു. നേരത്തേ തൈക്കാട് മന്നിക്കരയിലെ ശ്മശാനം ഇ.കെ. നായനാര്‍ സ്മാരക പാര്‍ക്കാക്കി മാറ്റിയിരുന്നു. ചൂല്‍പ്പുറത്തുള്ള ശ്മശാന ഭൂമിയിലാണ് എ.സി. രാമന് സ്മാരക പാര്‍ക്ക് ഒരുമാസം മുമ്പ് ഉദ്ഘാടനം ചെയ്തത്.
തൈക്കാട്, പൂക്കോട് പഞ്ചായത്തുകള്‍ 2010ല്‍ നഗരസഭയോട് കൂട്ടിച്ചേര്‍ത്തപ്പോള്‍ അവിടെയുണ്ടായിരുന്ന ശ്മശാനങ്ങള്‍ സംസ്കാരത്തിന് ഉപയോഗിക്കുന്നത് നിര്‍ത്തിയിരുന്നു. നഗരസഭയിലെ വാതക ശ്മശാനത്തിലായി പിന്നീട് ഈ മേഖലയിലെ സംസ്കാരം. ഈ സാഹചര്യത്തിലാണ് ശ്മശാനഭൂമിയെ കുട്ടികളുടെ കളിയിടമാക്കി മാറ്റിയത്. ഇതോടെ നഗരസഭയില്‍ കുട്ടികള്‍ക്കായി അഞ്ച് പാര്‍ക്കുകളായി.
നഗരസഭയെ ശിശുസൗഹൃദമാക്കുന്നതിന്റെ ഭാഗമാണ് വികേന്ദ്രീകരിച്ച് അഞ്ചിടത്തായി പാര്‍ക്കുകള്‍ ആരംഭിച്ചതെന്ന് ചെയര്മാന് പറഞ്ഞു. വൈസ് ചെയര്പേഴ്സന് അനീഷ്മ ഷനോജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എ.എം. ഷെഫീര്‍, എ.എസ്. മനോജ്, എ. സായിനാഥന്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.