ഗുരുവായൂർ: ക്ഷേത്രത്തിന്റെ നൂറ് മീറ്റർ ചുറ്റളവിൽ ഭൂമി ഏറ്റെടുക്കുന്നതിന്റെ അതിർത്തി നിർണയിച്ച് കല്ലിടാനുള്ള സർവേ തുടങ്ങി. തെക്കെ നടയിൽ ഉരൽപുരക്ക് സമീപത്തെ വീട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ ഈ മേഖലയിൽ സർവേ നടത്തിയില്ല.
ഏറ്റെടുക്കേണ്ട ഭൂമി ഏതെന്ന് അതിർത്തി തിരിച്ച് ലാൻഡ് അക്വിസിഷൻ വിഭാഗത്തെ അറിയിക്കുന്നതിനാണ് ദേവസ്വം തഹസിൽദാർ കെ.ടി. ഷാജിയുടെ മേൽനോട്ടത്തിൽ സർവേ നടത്തുന്നത്.
ക്ഷേത്ര പരിസരത്ത് താമസിക്കുന്ന ഓതിക്കൻ കുടുംബങ്ങളാണ് കൗൺസിലർ ശോഭ ഹരിനാരായണന്റെ നേതൃത്വത്തിൽ സർവേ ഉദ്യോഗസ്ഥരെ തടഞ്ഞത്.
നഷ്ടപരിഹാരം എത്രയെന്നോ, പുനരധിവാസ പാക്കേജ് എന്താണെന്നോ വ്യക്തമാക്കാതെ തങ്ങളുടെ സ്ഥലത്ത് സർവേ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സാമൂഹ്യാഘാത പഠനത്തിന് നൽകിയ സമ്മതം സ്ഥലം ഏറ്റെടുക്കലിനുള്ള സമ്മതമല്ലെന്നും ചൂണ്ടിക്കാട്ടി. അതിർത്തി നിർണയസർവേയെ കുറിച്ച് മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും അവർ പറഞ്ഞു. പ്രതിഷേധമുണ്ടായ സ്ഥലങ്ങളിൽ സർവേ നടത്തിയില്ല.
സർവേ നടപടികൾ ശനിയാഴ്ചയും തുടരും. ക്ഷേത്ര മതിലിന് 100 മീറ്റർ ചുറ്റളവിലായി 6.95 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇന്നർ റിങ് റോഡിന് പുറത്തേക്ക് ഏറ്റെടുക്കൽ ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.