ഗുരുവായൂര്‍: ഗുരുവായൂരിന്റെ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടമാകുമെന്ന് പ്രതീക്ഷിക്കുന്ന മമ്മിയൂര്‍ മേല്‍പാല നിര്‍മാണത്തിന് മുന്നോടിയായ മണ്ണ് പരിശോധന തുടങ്ങി. 2017ല്‍ ‘മാധ്യമ’മാണ് ഇവിടെ മേല്‍പാലം വേണമെന്ന കാര്യം ചൂണ്ടിക്കാട്ടിയത്. പാലം വേണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് നഗരസഭ ബജറ്റില്‍ ഇക്കാര്യം ഇടം നേടിയിരുന്നു. എന്‍.കെ. അക്ബര്‍ എം.എല്‍.എ ആയ ശേഷം രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ തന്നെ മമ്മിയൂര്‍ മേല്‍പാലം ഇടംപിടിച്ചു. പൊന്നാനി, കുന്നംകുളം, ചാവക്കാട്, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള റോഡുകള്‍ സംഗമിക്കുന്ന മമ്മിയൂര്‍ ജങ്ഷനില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും തുടര്‍ക്കഥയാണ്. റോഡിന് വീതിയില്ലാത്തതിനാല്‍ ബസ് സ്റ്റോപ്പുകളും അശാസ്ത്രീയമാണ്.
എല്‍.എഫ് കോളജ്, ആര്യഭട്ട കോളജ്, മേഴ്സി കോളജ്, ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എല്‍.എഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എല്‍.എഫ്.സി.യു.പി സ്കൂള്‍ എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ഥികള്‍ ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി പോകുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കും ആനത്താവളത്തിലേക്കും തിരിയേണ്ട ജങ്ഷനും ഇതാണ്. ചാവക്കാട്-കുന്നംകുളം റോഡിലാണ് പാലം നിര്‍മിക്കാനുദ്ദേശിക്കുന്നത്. പൊന്നാനി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് പാലത്തിനടിയിലൂടെ കടന്നുപോകാം.
ഇതിന്റെ കരട് പ്ലാന്‍ പി.ഡബ്ല്യു.ഡി പാലം വിഭാഗം തയാറാക്കി എന്‍.കെ. അക്ബര്‍ എം.എല്‍.എക്ക് കൈമാറിയിട്ടുണ്ട്. വിശദമായ പദ്ധതി രൂപരേഖ തയാറാക്കുന്നതിന്റെ ഭാഗമായാണ് മണ്ണു പരിശോധന നടത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏത് തരം പൈലിങ് വേണമെന്നത് നിശ്ചയിക്കും. അലൈമെന്റ് നിശ്ചയിച്ച് ഡിസൈന്‍ തയാറാക്കിയ ശേഷം വിശദമായ എസ്റ്റിമേറ്റ് ഉണ്ടാക്കും. അതിന് ശേഷമാണ് ഭരണാനുമതിയുടെ ഘട്ടത്തിലേക്ക് പ്രവേശിക്കുക. ഗുരുവായൂര്‍, ചാവക്കാട് നഗരസഭകളുടെ അതിര്‍ത്തിയിലാണ് പാലം വരുന്നത്. ഇരുനഗരസഭകളിലും ഉള്‍പ്പെടുന്ന സ്ഥലം പാലത്തിനായി ഏറ്റെടുക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.