ഗുരുവായൂര്‍: നഗരസഭയുടെ കരട് മാസ്റ്റര്‍ പ്ലാനിന് കൗണ്‍സില്‍ അംഗീകാരം നല്കി. ഒക്ടോബര്‍ 31ന് ചേര്‍ന്ന കൗണ്‍സിലിലും പ്രത്യേക കമ്മിറ്റിയിലും ഉയര്‍ന്ന നിര്‍ദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ ജീവ ലിസ സേവ്യറാണ് കരട് അവതരിപ്പിച്ചത്. സംസ്ഥാനത്തെ ഒമ്പത് അമൃത് നഗരങ്ങളില്‍ എട്ടെണ്ണവും കരട് പ്ലാന്‍ സര്‍ക്കാറിന് സമര്‍പ്പിച്ചതായി ചെയര്മാന് എം. കൃഷ്ണദാസ് അറിയിച്ചു.
മാസ്റ്റര്‍ പ്ലാനില്‍ കൂട്ടിച്ചേര്‍ത്ത പ്രധാന നിര്‍ദേശങ്ങള്‍: പഞ്ചാരമുക്കിലും കോട്ടപ്പടിയിലും മിനി ബസ് സ്റ്റാന്‍ഡ്, മമ്മിയൂരില്‍ മേൽപാലം, ചക്കംകണ്ടത്ത് ഹെലിപാഡ്, തിരുവെങ്കിടം അടിപ്പാത, പടിഞ്ഞാറെ നട ബസ് സ്റ്റാന്‍ഡ്, സ്ഥിരം പ്രദര്‍ശന വേദി, സൈക്കിളിന് പ്രത്യേക ട്രാക്ക്.
എട്ട് മീറ്ററാക്കുന്ന റോഡുകള്‍: ചാമുണ്ഡേശ്വരി -നളന്ദ -കമ്പനിപ്പടി, കാരക്കാട്, എടപ്പുള്ളി ജാറം, നാനൂറാംപടി, ബ്രാഹ്മണ സമൂഹം, അപ്പാസ്, ചിറമ്മല്‍ പള്ളി, പാലാ ബസാര്‍ -പട്ടിണിപ്പുര, കിസാന്‍, തൈക്കാട് മസ്ജിദ്, കെ.ബി.എം -മന്നിക്കര, ബ്രഹ്മകുളം -കോതകുളങ്ങര, കരുവാന്പടി -കോതകുളങ്ങര, പനാമ -സുനേന -താഴിശേരി, കാവീട് - മുതുവട്ടൂര്‍, കോട്ടപ്പടി -അഞ്ഞൂര്, ചക്കപ്പന്തറ, പെരുവഴിതോട്.
ഇരിങ്ങപ്പുറത്തെ ഇട റോഡുകള്‍ 12 മീറ്ററാക്കരുതെന്നും എട്ട് മീറ്ററാക്കിയാല് മതിയെന്നും എ.എസ്. മനോജ് നിര്‍ദേശിച്ചു. കൗണ്‍സില്‍ അംഗീകരിച്ച കരട് ചീഫ് ടൗണ്‍ പ്ലാനര്‍ക്ക് കൈമാറും. തുടര്‍ന്ന് സര്‍ക്കാറിന് കൈമാറി ഗസറ്റില്‍ വിജ്ഞാപനം ചെയ്യും. പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്കാന് സമയം നല്കിയ ശേഷമാണ് അന്തിമമായി അംഗീകരിക്കുക.
സ്വകാര്യ വ്യക്തിയുടെ ഭൂമി പാര്‍ക്ക് എന്ന പേരില്‍ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി ഒരു കൗണ്‍സിലര്‍ ഉപദ്രവിക്കുകയാണെന്ന് സ്വതന്ത്ര അംഗം പ്രഫ. പി.കെ. ശാന്തകുമാരിയുടെ ആരോപണം പ്രതിപക്ഷം ഏറ്റുപിടിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കൗണ്‍സിലര്‍ ആരാണെന്ന് ചെയര്മാന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ചിലര്‍ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങളില്‍ പ്രതികരിക്കുന്നത് തന്റെ ജോലിയല്ലെന്നായിരുന്നു ചെയര്മാന് എം. കൃഷ്ണദാസിന്റെ പ്രതികരണം. മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചക്ക് മുമ്പായിരുന്നു പ്രഫ. പി.കെ. ശാന്തകുമാരി ആരോപണം ഉന്നയിച്ചത്. നഗരസഭ കെട്ടിട നിര്‍മാണ അനുമതി നല്കിയ തന്റെ സ്ഥലം മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
മാസ്റ്റര്‍ പ്ലാനിലെ മറ്റു നിര്‍ദേശങ്ങളെ അംഗീകരിക്കുന്നെന്ന് വ്യക്തമാക്കി ശാന്തകുമാരി ഇറങ്ങിപ്പോവുകയും ചെയ്തു. ആരോപണങ്ങള്‍ക്ക് മറുപടി കേള്‍ക്കാനുള്ള ജനാധിപത്യ മര്യാദ പുലര്‍ത്തണമെന്ന് ചെയര്മാന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.