ഗുരുവായൂർ: അഞ്ചുവർഷം മുമ്പ് മൂക്കുംപൊത്തി കടന്നുപോയിരുന്നിടത്തേക്ക് ജനം ഇരച്ചെത്തി. അവർ അവിടെ ആടി, പാടി, നൃത്തം ചെയ്തു. കുട്ടികൾ കളിയുപകരണങ്ങളിൽ തിമിർത്താടി. ചൂൽപ്പുറം ശവക്കോട്ടയങ്ങിനെ കുട്ടികളുടെ പാർക്കും വഴിയോര വിശ്രമ കേന്ദ്രവും കാഫറ്റീരിയയുമെല്ലാമായി മാറി.
കഴിഞ്ഞ നഗരസഭ കൗൺസിലിന്റെ കാലത്ത് ട്രഞ്ചിങ് ഗ്രൗണ്ട് ബയോപാർക്കാക്കി മാറ്റി തുടക്കമിട്ടതിന്റെ പൂർണതയായിരുന്നു ശനിയാഴ്ച നടന്ന ഉദ്ഘാടനങ്ങൾ. കുട്ടികളുടെ പാർക്ക്, വഴിയോര വിശ്രമ കേന്ദ്രം, അജൈവ മാലിന്യ തരംതിരിക്കൽ കേന്ദ്രം എന്നിവ തദ്ദേശ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. താൻ മന്ത്രിയെന്ന നിലക്ക് പങ്കെടുത്ത ഏറ്റവും ആഹ്ലാദകരമായ ചടങ്ങെന്ന് വിശേഷിപ്പിച്ചാണ് രാജേഷ് ഉദ്ഘാടനം നടത്തിയത്.
നഗരത്തിന്റെ ചലമൊഴുകുന്ന വ്രണമായി കിടന്നിരുന്ന ചൂൽപ്പുറം ട്രഞ്ചിങ് ഗ്രൗണ്ടിനെ മാറ്റിയെടുത്ത മുൻ കൗൺസിലിനെയും ഇപ്പോഴത്തെ കൗൺസിലിനെയും അഭിനന്ദിച്ചു. ശുചിത്വ കേരളത്തിന്റെ തീർഥാടന കേന്ദ്രമാണ് ഇനി ഗുരുവായൂരിലെ ചൂൽപ്പുറമെന്നും മന്ത്രി പ്രഖ്യാപിച്ചു.
2026ൽ കേരളത്തെ മാലിന്യമുക്തമാക്കാനുള്ള സംസ്ഥാന സർക്കാറിന്റെ ലക്ഷ്യത്തിന് ഊജർവും പ്രചോദനവുമാണ് ഗുരുവായൂർ. കോടിക്കണക്കിന് തീർഥാടകരെത്തുന്ന ഗുരുവായൂരിൽ സാധ്യമെങ്കിൽ മറ്റെവിടെയും ഇത് സാധ്യമെന്ന് മന്ത്രി പറഞ്ഞു.
ഗുരുവായൂരെത്തുന്നവർ ക്ഷേത്രത്തിൽ മാത്രം പോയാൽ പോരെന്നും ദുർഗന്ധം വമിക്കുന്ന ട്രഞ്ചിങ് ഗ്രൗണ്ടിനെ ആകർഷകമായ പൂവാടിയാക്കിയ ചൂൽപ്പുറത്തും പോകണമെന്ന് താൻ നിർദേശിക്കുമെന്നും മന്ത്രി പറഞ്ഞു. മാറ്റങ്ങൾക്ക് പ്രധാന പങ്കുവഹിച്ച ഐ.ആർ.ടി.സിയെയും അഭിനന്ദിച്ചു.
ചൂൽപ്പുറത്ത് ഓപൺ ജിംനേഷ്യത്തിന് ഫണ്ട് അനുവദിക്കുമെന്ന് അധ്യക്ഷത വഹിച്ച എൻ.കെ. അക്ബർ എം.എൽ.എ പറഞ്ഞു. ബയോപാർക്കിന് സമീപമുള്ള പി.ഡബ്ല്യൂ.ഡി റോഡിന്റെ നടപ്പാത ടൈൽ വിരിക്കും.
ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, കുടുംബശ്രീ മിഷൻ ഡയറക്ടർ ജാഫർ മലിക്, ചാവക്കാട് നഗരസഭ അധ്യക്ഷ ഷീജ പ്രശാന്ത്, കുന്നംകുളം നഗരസഭ അധ്യക്ഷ സീത രവീന്ദ്രൻ, പഞ്ചായത്ത് അസോസിയേഷൻ ജില്ല സെക്രട്ടറി ടി.വി. സുരേന്ദ്രൻ, വൈസ് ചെയർപേഴ്സൻ അനീഷ്മ ഷനോജ്, സ്ഥിരംസമിതി അധ്യക്ഷരായ എ.എം. ഷെഫീർ, ഷൈലജ സുധൻ, എ.എസ്. മനോജ്, ബിന്ദു അജിത്.
എ. സായിനാഥൻ, കൗൺസിലർമാരായ സിന്ധു ഉണ്ണി, കെ.പി. ഉദയൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.ടി. ശിവദാസൻ, മുഹമ്മദ് ബഷീർ, കെ.പി. വിനോദ്, അഭിലാഷ് വി. ചന്ദ്രൻ, എ.ടി. ഹംസ, നഗരസഭ സെക്രട്ടറി ബീന എസ്. കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.