ഗുരുവായൂര്‍: സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യക്കും വരന് ശ്രേയസ് മോഹനും മാല എടുത്ത് നല്‍കിയും തലയില്‍ കെവെച്ചനുഗ്രഹിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. കല്യാണ മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് മോദിക്ക് മാല നല്കി. കോയ്മ ഹരിഹരനായിരുന്നു കാര്മികന്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുമ്പ് മണ്ഡപത്തില്‍ നടന്ന വിവാഹങ്ങളിലെ വധൂവരന്മാര്ക്ക് മോദി അക്ഷതം നല്കി.
ഏഴ് വധൂവരന്മാരാണ് മേല്പത്തൂര് ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്നത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് സാക്ഷികളാകാനെത്തിയ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ബിജു മേനോന്, ഷാജി കൈലാസ്, നിര്‍മാതാവ് സുരേഷ് തുടങ്ങിയവരുമായും മോദി കുശലാന്വേഷണം നടത്തി. മേല്പത്തൂര് ഓഡിറ്റോറിയത്തില്‍ സജ്ജീകരിച്ച ഇരിപ്പിടങ്ങളിലാണ് അതിഥികള്‍ ഇരുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം എന്നിവര്‍ ഭാര്യമാര്‍ക്കൊപ്പമാണ് എത്തിയത്.
ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് മോദി വിവാഹ ചടങ്ങിനെത്തിയത്. 7.25ന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിലിറങ്ങിയ മോദിക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ വരവേല്പ് നല്കി. കാർ മാര്‍ഗം 7.40ന് ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തിയ മോദി വിശ്രമത്തിന് ശേഷം 8.10ന് ക്ഷേത്രത്തിലെത്തി. കേരളീയ രീതിയില്‍ മുണ്ടും മേല്‍മുണ്ടും ധരിച്ചാണ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് പൂര്‍ണകുഭം നല്കി സ്വീകരിച്ചു. തന്ത്രിക്ക് പുറമെ ദേവസ്വം ചെയര്മാന് പ്രഫ. വി.കെ. വിജയന്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന് എന്നിവർ മാത്രമാണ് ക്ഷേത്രത്തില്‍ മോദിയെ അനുഗമിച്ചത്.
സോപാനത്ത് നെയ് നിറച്ച ഉരുളിയും താമരപ്പൂക്കളും പ്രധാനമന്ത്രി സമര്‍പ്പിച്ച് നാല് മിനിറ്റോളം ധ്യാനനിരതനായി നിന്നു. മേല്‍ശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി തൃപ്പടിയില്‍ വച്ച് നല്കിയ പ്രസാദം തന്ത്രി മോദിക്ക് നല്കി. ഉപദേവന്മാരെ തൊഴുത ശേഷം പുറത്ത് വന്ന മോദിക്ക് കൊടിമരത്തിന് സമീപത്ത് വെച്ച് ദേവസ്വം ഭരണ സമിതി അംഗങ്ങള്‍ ചേര്‍ന്ന് ശില്പവും ചുമര്‍ചിത്രവും ഉപഹാരമായി നല്കി. 20 മിനിറ്റോളം ക്ഷേത്രത്തില്‍ ചെലവഴിച്ചു. തുടര്‍ന്ന് ഗെസ്റ്റ് ഹൗസിലെത്തി വസ്ത്രം മാറിയ ശേഷം 8.45ഓടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി മണ്ഡപത്തിലെത്തി. 9.15ഓടെ ഗുരുവായൂരില്‍നിന്ന് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.