ഗുരുവായൂര്‍: ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴി ദിവസേന 4000 പേർക്ക് ദർശനാനുമതി നൽകാൻ ഭരണസമിതി തീരുമാനിച്ചു. നിലവിൽ 3000 പേർക്കാണ് ദർശനാനുമതിയുള്ളത്. ക്ഷേത്രം കല്യാണമണ്ഡപത്തിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 22 ആയി വർധിപ്പിക്കും.
ഒരുദിവസം മൂന്ന് ബുക്കിങ്ങുകാരെങ്കിലും തയാറായി വന്നാൽ ആ ദിവസം ഉദയാസ്തമന പൂജ നടത്തും. ഓരോ പൂജക്കാർക്കും അരി അളവ് ചടങ്ങിൽ രണ്ടുപേരെ വീതം പങ്കെടുപ്പിക്കാം. ഉദയാസ്തമന പൂജയും ചുറ്റുവിളക്കും വഴിപാട് ചെയ്തവർക്ക് 10 പേരെ വീതം നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിക്കാം.
ഉദയാസ്തമന പൂജ പുതുതായി ബുക്കിങ് ചെയ്യുന്നവർക്ക് ഒറ്റത്തവണയായി അഞ്ചുപേർക്ക് നാലമ്പലത്തിൽ ദർശനം അനുവദിക്കും. ക്ഷേത്രോത്സവം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്താൻ ദേവസ്വം, നഗരസഭ, ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവരുടെ സംയുക്തയോഗം ചേരാൻ ഗുരുവായൂർ എം.എൽ.എ, കലക്ടർ എന്നിവർക്ക് കത്ത് നൽകും. ക്ഷേത്രത്തിലെ എല്ലാ പണമിടപാട് കൗണ്ടറിലും സി.സി.ടി.വി കാമറ സ്ഥാപിക്കും.
യോഗത്തിൽ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, കെ. അജിത്ത്, കെ.വി. ഷാജി, ഇ.പി.ആർ. വേശാല, അഡ്വ. കെ.വി. മോഹനകൃഷ്ണൻ, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ ടി. ബീജാകുമാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.