ഗുരുവായൂര്‍: നഗരസഭക്ക് പുതിയൊരു ഓഫിസ് സമുച്ചയം വേണം. അജണ്ടയിലില്ലെങ്കിലും ചൊവ്വാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയം പുതിയ ഓഫിസായിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തില്‍ ഒരേ നിലപാടിലായിരുന്നു. 1970 ഫെബ്രുവരി 19ന് അന്നത്തെ തദ്ദേശ മന്ത്രി കെ. അവുക്കാദര്‍കുട്ടി നഹ ഉദ്ഘാടനം ചെയ്തതാണ് നിലവിലെ ഓഫിസ് കെട്ടിടം. കൃത്യം ഒരു വര്‍ഷം കൊണ്ടാണ് കെട്ടിടം പൂര്‍ത്തീകരിച്ചത്.
കേരളത്തിലെ ഏക ടൗണ്‍ഷിപ്പായിരുന്ന ഗുരുവായൂരിന്റെ ആസ്ഥാന മന്ദിരമായാണ് കെട്ടിടം പണിതത്. ടൗണ്ഷിപ്പായതിനാല് സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന ഭരണ സമിതിയാണ് അക്കാലത്ത് നിലവിലുണ്ടായിരുന്നത്. അതാത് കാലത്തെ ജില്ല കലക്ടര്‍മാരായിരുന്നു ടൗണ്‍ഷിപ്പ് കമ്മിറ്റി ചെയര്മാന്.
സി.എന്‍. മേനോക്കിയായിരുന്നു ഓഫിസ് ഉദ്ഘാടന കാലത്തെ കലക്ടര്‍. ചാവക്കാട്, കോട്ടപ്പടി പഞ്ചായത്തുകളുടെ ഏതാനും ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് 1962 ജനുവരി 26ന് നാല് വാര്‍ഡുകളോടെ ഗുരുവായൂര്‍ ടൗണ്‍ഷിപ് രൂപവത്കരിച്ചത്. നഗരപാലിക നിയമം വന്നതോടെ 1994 മേയ് 30ന് ടൗണ്‍ഷിപ് സംവിധാനം ഇല്ലാതായി ഗുരുവായൂര്‍ നഗരസഭയായി. 1995 ഒക്ടോബറില്‍ പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷയായ പ്രഥമ കൗണ്‍സില്‍ നിലവില്‍വന്നു.
2008ല്‍ എം. കൃഷ്ണദാസ് ചെയര്‍മാനായിരിക്കെ ഇപ്പോഴത്തെ ഓഫിസിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന കെ.എസ്.ഇ.ബി ഓഫിസ് കെട്ടിടം നഗരസഭ ഓഫിസിനോട് ചേര്‍ത്തു. 2010ൽ തൊട്ടടുത്ത പഞ്ചായത്തുകളായ പൂക്കോടും തൈക്കാടും ഗുരുവായൂരിനോട് ലയിപ്പിച്ചു.
വാര്‍ഡുകളുടെ എണ്ണം 43 ആയി ഉയരുകയും ചെയ്തു. ഇതോടെ ജീവനക്കാരുടെ എണ്ണവും വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഗ്രേഡ് ഒന്ന് പദവിയുള്ളതാണ് ഗുരുവായൂര്‍ നഗരസഭ. ചെറിയ മാറ്റങ്ങളെല്ലാം കെട്ടിടത്തിന് വരുത്തിയെങ്കിലും ഇപ്പോഴത്തെ ആവശ്യങ്ങള്‍ക്ക് മതിയാകാത്ത അവസ്ഥയിലാണ്.
നഗരസഭ ലൈബ്രറി നിലനില്‍ക്കുന്ന സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ ബഹുനില മന്ദിരം നിര്‍മിക്കുകയാണ് പരിഗണനയിലുള്ള പദ്ധതിയെന്ന് ചെയര്മാന് എം. കൃഷ്ണദാസ് പറഞ്ഞു.
ഇപ്പോഴത്തെ ഓഫിസ് കെട്ടിടത്തിന്റെ സ്ഥാനത്ത് ഷോപ്പിങ് കോപ്ലക്സ് നിര്‍മിച്ച് നഗരസഭക്ക് വരുമാനം വര്‍ധിപ്പിക്കാനും കഴിയും. ബാങ്കില്‍നിന്ന് വായ്പയെടുത്ത് നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്ന ബസ് സ്റ്റാന്‍ഡ് സമുച്ചയത്തിന് കേന്ദ്രത്തില്‍നിന്ന് പലിശ രഹിത വായ്പ ലഭിക്കുന്നതിനാല്‍ നഗരസഭയുടെ വലിയ ഒരു ബാധ്യത ഒഴിവായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അധികം താമസിയാതെ പുതിയ ഓഫിസ് മന്ദിരത്തിനുള്ള വിശദ പദ്ധതി രേഖ തയാറാക്കുന്നത് പരിഗണിക്കുമെന്നും കൗണ്‍സിലില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.