ഗുരുവായൂര്‍: മേൽപാല നിർമാണത്തെ തുടന്ന് തൃശൂർ ഭാഗത്തേക്കുള്ള ബസുകൾക്കൊരുക്കിയ താൽക്കാലിക സ്റ്റാൻഡിലും വഴിയിലും വെളിച്ചമില്ലാത്ത പ്രശ്നം ഉന്നയിക്കാൻ കൗൺസിലർക്ക് അനുമതി നിഷേധിച്ചതിനെ തുടർന്ന് കൗൺസിലിന്റെ നടുത്തളത്തിൽ പ്രക്ഷുബ്ധരംഗങ്ങൾ. കോൺഗ്രസിലെ വി.കെ. സുജിത്താണ് വിഷയം അവതരിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ അജണ്ടക്ക് മുമ്പ് രണ്ടുപേരുടെ ശ്രദ്ധക്ഷണിക്കൽ കഴിഞ്ഞതിനാൽ സമയം അനുവദിക്കാനാവില്ലെന്നായിരുന്നു അധ്യക്ഷൻ എം. കൃഷ്ണദാസിന്റെ നിലപാട്.
ഇതിനിടെ സുജിത്തിന്റെ മൈക്ക് ഓഫാവുകയും ചെയ്തു. ഇതോടെ യു.ഡി.എഫ് അംഗങ്ങളായ കെ.പി. ഉദയൻ, കെ.പി.എ. റഷീദ്, ബി.വി. ജോയ്, സി.എസ്. സൂരജ്, വി.കെ. സുജിത്ത്, മെഹ്റൂഫ് എന്നിവർ ചെയർമാന്റെ വേദിക്ക് മുന്നിലേക്കിറങ്ങി. ഇതോടെ എൽ.ഡി.എഫ് അംഗങ്ങളായ എ.എസ്. മനോജ്, എ.എം. ഷെഫീർ, ആർ.വി. ഷെരീഫ്, എ. സായിനാഥൻ, ഫൈസൽ പൊട്ടത്തയിൽ, വൈഷ്ണവ് പി. പ്രദീപ്, പി.ടി. ദിനിൽ, എ.വി. അഭിലാഷ്, പി.കെ. നൗഫൽ എന്നിവരും ചെയർമാന്റെ വേദിക്ക് മുന്നിൽ അണിനിരന്നു.
വാക്കേറ്റം കൈയാങ്കളിയിലേക്ക് നീങ്ങും മുമ്പേ ചെയർമാൻ ഇടപെട്ട് അംഗങ്ങളെ ശാന്തരാക്കി. എന്നാൽ, സുജിത്തിന്റെ ശ്രദ്ധക്ഷണിക്കൽ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. പിന്നീട് മറ്റ് ചർച്ചകൾക്കിടെ സുജിത് വിഷയം ഉന്നയിച്ചു. കഴിഞ്ഞ കൗൺസിലിൽ പ്രശ്നം പരിഹരിക്കാമെന്ന് ചെയർമാൻ ഉറപ്പ് നൽകിയിരുന്നത് ചൂണ്ടിക്കാട്ടുകയും ചെയ്തു. പ്രശ്നം അടിയന്തര സ്വഭാവമുള്ളതാണെന്നും പരിഹരിക്കാൻ നടപടിയെടുത്തതായും ചെയർമാൻ അറിയിച്ചു. നഗരസഭയുടെ അമ്പാടി കെട്ടിടത്തിൽ നിന്ന് മാലിന്യം പുറത്തേക്കൊഴുകുന്നത് സംബന്ധിച്ച 'മാധ്യമം' വാർത്ത പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ ഉന്നയിച്ചു.
പ്രതിപക്ഷാംഗങ്ങൾ മൊബൈൽ ടോർച്ച് തെളിച്ച് പ്രതിഷേധിക്കുകയും ചെയ്തു. സ്ഥാപനം അടച്ചുപൂട്ടാൻ നിർദേശം നൽകിയതായി ചെയർമാൻ അറിയിച്ചു. നഗരസഭയിലെ സ്ഥാപനങ്ങൾ പൊതുകാനയിലേക്ക് മാലിന്യം ഒഴുക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താൻ എൻജിനീയറിങ് വിഭാഗത്തോടും ആരോഗ്യ വിഭാഗത്തോടും നിർദേശിച്ചു. ഗുരുവായൂർ ദേവസ്വം നഗരസഭക്ക് വലിയ തുക നൽകുന്നത് സംബന്ധിച്ച് 2017ൽ ഉണ്ടായ കോടതി വിധി നടപ്പാക്കി കിട്ടുന്നതിൽ വീഴ്ച വരുത്തുന്നത് പ്രഫ. പി.കെ. ശാന്തകുമാരി ഉന്നയിച്ചു.
രണ്ട് മാസം മുമ്പ് വിഷയം നഗരസഭ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയതാണെന്നും അവർ പറഞ്ഞു. അടുത്ത കൗൺസിലിൽ അജണ്ടയായി വിഷയം ചർച്ച ചെയ്യാമെന്ന് അധ്യക്ഷൻ കൃഷ്ണദാസ് അറിയിച്ചു. പ്ലാസ്റ്റിക് കാരി ബാഗ് നിരോധനം നടപ്പാക്കുന്നിൽ നഗരസഭക്ക് വീഴ്ച വന്നതായി ആർ.വി. ഷെരീഫ് പറഞ്ഞു. തൈക്കാട് ജങ്ഷൻ, മാവിൻ ചുവട്, താമരയൂർ, പേരകം എന്നിവിടങ്ങളിലെ വെള്ളക്കെട്ട് എ.എസ്. മനോജ്, കെ.പി.എ. റഷീദ്, ദിവ്യ, എ.വി. അഭിലാഷ് എന്നിവർ ശ്രദ്ധയിൽപ്പെടുത്തി.
മമ്മിയൂർ മുതൽ കോയ ബസാർ വരെയുള്ള ഭാഗം റോഡ് വീതികൂട്ടുന്നതിന് നടപടികൾ വേണമെന്ന് ആവശ്യമുയർന്നു. റോഡ് വികസനത്തിൽ വാഹനങ്ങളുടെ സൗകര്യം മാത്രമല്ല, കാൽനടക്കാരെയും പരിഗണിക്കണമെന്ന് ശോഭ ഹരിനാരായണൻ ആവശ്യപ്പെട്ടു. ജ്യോതി രവീന്ദ്രനാഥ്, പി.വി. മധു എന്നിവർ സംസാരിച്ചു.
ഗുരുവായൂര്‍: അമൃത് പദ്ധതിയിൽ നടപ്പാതയും കാനയും നിർമിച്ചതിൽ നഗരസഭക്ക് 3.67 കോടി മിച്ചം. കാനയും നടപ്പാതയും നിർമിച്ചതിൽ 2.28 കോടിയാണ് മിച്ചം ലഭിച്ചത്. ഇതിൽ 78 ലക്ഷത്തോളം രൂപ മറ്റ് സ്ഥലങ്ങളിലെ കാന നിർമാണത്തിന് ഉപയോഗിച്ചു. ശേഷിക്കുന്ന 1.5 കോടി നഗരസഭയുടെ വിവിധ മേഖലകളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഉപയോഗിക്കും.
അർബൻ ട്രാൻസ്പോർട്ട് സെക്ടറിലെ നടപ്പാത നിർമാണത്തിൽ 1.39 കോടിയാണ് മിച്ചം പ്രതീക്ഷിക്കുന്നത്. ഈ തുക ഉപയോഗിച്ച് ഔട്ടർ, ഇന്നർ റിങ് റോഡുകളിലെയും ഇവയുടെ കണക്ഷൻ റോഡുകളിലെയും നടപ്പാതയിൽ കൈവരികളും വിളക്കും സ്ഥാപിക്കാൻ കൗൺസിൽ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.