ഗുരുവായൂർ: ക്ഷേത്രം ശ്രീകോവിലിൽ പൂജിച്ച നിവേദ്യങ്ങൾക്കിടയിൽ മൊബൈൽ ചാർജ് ചെയ്യുന്ന പവർ ബാങ്ക് കണ്ടെത്തി. സുരക്ഷ കാരണങ്ങളാൽ മൊബൈൽ ഫോൺ, സ്മാർട് വാച്ച് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും പ്രവേശിപ്പിക്കാത്ത ക്ഷേത്രത്തിന്റെ ശ്രീകോവിലിലാണ് പവർ ബാങ്ക് എത്തിയത്. വെള്ളിയാഴ്ച അത്താഴപൂജ കഴിഞ്ഞ നിവേദ്യങ്ങൾ ശ്രീകോവിലിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്നപ്പോഴാണ് പാത്രത്തിൽ പവർ ബാങ്ക് കണ്ടെത്തിയത്.
നിവേദിച്ച അടക്ക, വെറ്റില എന്നിവയുടെ മുകളിലെ പഴം എടുത്തു മാറ്റിയപ്പോഴാണ് പവർ ബാങ്ക് കണ്ടത്. സെക്യൂരിറ്റി ജീവനക്കാർ ചീഫ് സെക്യൂരിറ്റി ഓഫിസറെ വിവരമറിയിച്ചു. പൂജായോഗ്യമല്ലാത്ത വസ്തു ശ്രീകോവിലിൽ എത്തിയതിനാൽ പുണ്യാഹം നടത്തിയ ശേഷമാണ് വിളക്കെഴുന്നള്ളിപ്പ് അടക്കം ചടങ്ങുകൾ തുടർന്നത്.
പവർ ബാങ്ക് കണ്ട സംഭവത്തിൽ ചീഫ് സെക്യൂരിറ്റി ഓഫിസർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റർ ടെമ്പിൾ പൊലീസിൽ പരാതി നൽകി. കീഴ്ശാന്തി നമ്പൂതിരിമാരാണ് ശ്രീലകത്തേക്കുള്ള നിവേദ്യ സാധനങ്ങൾ ഒരുക്കുക. ഈ കീഴ്ശാന്തിമാരിൽ ഒരാളുടേതായിരുന്നു പവർ ബാങ്ക്.
പവർ ബാങ്ക് തന്റേതാണെന്ന് ഇയാൾ തന്ത്രിയെ അറിയിച്ചു. വെറ്റിലയും അടക്കയും കൊണ്ടുവന്ന കവറിൽ അബദ്ധത്തിൽപ്പെട്ടതാണെന്നാണ് അറിയിച്ചത്. പൊലീസ് മൊഴി എടുത്തു വിട്ടയച്ചു.
ഗുരുവായൂർ: ശ്രീകോവിലിലേക്ക് പവർ ബാങ്ക് എത്തിയതോടെ ക്ഷേത്ര സുരക്ഷയിലെ പാളിച്ചകൾ പുറത്തായി. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കലവറയുടെ വാതിലിലും ശനിയാഴ്ച ഉച്ചയോടെ മെറ്റൽ ഡിറ്റക്ടർ സ്ഥാപിച്ചു. ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ഭക്തരെ മുഴുവൻ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് പ്രവേശിപ്പിക്കുക. എന്നാൽ ക്ഷേത്രത്തിലെ ജീവനക്കാർ, കീഴ്ശാന്തിമാർ ഉൾപ്പെടെ പാരമ്പര്യ പ്രവർത്തിക്കാർ എന്നിവർക്ക് പരിശോധന പതിവില്ല.
കുളികഴിഞ്ഞ് ശുദ്ധിയോടെ ക്ഷേത്രത്തിലേക്ക് വരുന്ന കീഴ്ശാന്തി നമ്പൂതിരിമാരെ ദേഹപരിശോധന നടത്തുക സാധ്യമല്ലെന്നതിനാലാണ് പരിശോധനക്ക് വിധേയമാക്കാത്തതെന്ന് അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ പറഞ്ഞു. ദേവസ്വം ഭരണ സമിതി യോഗത്തിൽ ക്ഷേത്രം തന്ത്രിയുമായി കൂടിയാലോചിച്ച് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.