ഗുരുവായൂര്‍: 50 വര്‍ഷം മുമ്പ് നിര്‍മിച്ച ദേവസ്വം സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് ഇടിഞ്ഞുവീണതോടെ ദേവസ്വത്തിന്‍റെ കൈവശമുള്ള ചരിത്ര സ്മാരകമായ പുന്നത്തൂര്‍ കോവിലകം കെട്ടിടത്തിന്‍റെ ഭാവി സംബന്ധിച്ചും ആശങ്ക ഉയരുന്നു. നൂറ്റാണ്ടിലധികം പഴക്കമുള്ള കോവിലകം കെട്ടിടം സംരക്ഷിക്കാന്‍ പ്രഖ്യാപനങ്ങളല്ലാതെ പ്രാവര്‍ത്തികമായ ഒരു നടപടിയും ദേവസ്വം സ്വീകരിക്കുന്നില്ല.
ആനത്താവളത്തിന്‍റെ മധ്യത്തിലാണ് ഈ ചരിത്ര സ്മാരകം ഭാവിയെക്കുറിച്ചുള്ള ആശങ്കകളോടെ നില്‍ക്കുന്നത്. പുന്നത്തൂര്‍ രാജവംശത്തിന്‍റെ ആസ്ഥാനമായിരുന്നു ഈ കെട്ടിടം. 1975ലാണ് പുന്നത്തൂര്‍ കോവിലകം ഗുരുവായൂര്‍ ദേവസ്വം ഏറ്റെടുത്ത് ആനത്താവളം ഇങ്ങോട്ട് മാറ്റിയത്. പുന്നത്തൂര്‍ രാജകുടുംബം വക ഒമ്പത് ഏക്കര്‍ 75 സെന്‍റ് സ്ഥലവും കോവിലകവും 1.6 ലക്ഷം രൂപക്ക് ഗുരുവായൂര്‍ ദേവസ്വം വിലക്ക് വാങ്ങി. പിന്നീട് ദേവസ്വത്തിന്‍റെ ആനത്താവളം ഇങ്ങോട്ട് മാറ്റി. എന്നാല്‍, ചരിത്ര സ്മാരകമായ കോവിലകം കെട്ടിടം സംരക്ഷിക്കാന്‍ ദേവസ്വം ഒന്നും ചെയ്തില്ല. ഇതിനോട് ചേര്‍ന്നുള്ള നാടകശാല 20 വര്‍ഷം മുമ്പ് തകര്‍ന്നുവീണു. 2008ല്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ദേവസ്വം ചെയര്‍മാനായിരിക്കെ കോവിലകത്തിന്‍റെ നവീകരണ പ്രവൃത്തികള്‍ നടത്തിയിരുന്നു. ആനകളുമായി ബന്ധപ്പെട്ട മ്യൂസിയം ഇവിടെ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും തുടര്‍നടപടികൾ ഉണ്ടായില്ല. എന്നാല്‍, പിന്നീടുവന്ന ഭരണാധികാരികളെല്ലാം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി. മാസങ്ങള്‍ക്ക് മുമ്പ് ആനത്താവളം സന്ദര്‍ശിച്ച മന്ത്രിമാരായ കെ. രാധാകൃഷ്ണനും പി.എ. മുഹമ്മദ് റിയാസും കോവിലകം ചരിത്ര സ്മാരകമായി സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അപകടാവസ്ഥയില്‍ നില്‍ക്കുന്ന കെട്ടിടം തകര്‍ന്നുവീഴാമെന്ന അവസ്ഥയിലാണ്. പലഭാഗത്തും കഴുക്കോലുകള്‍ ദ്രവിച്ച് ഓടുകള്‍ വീണിട്ടുണ്ട്. ചോര്‍ച്ച ഒഴിവാക്കാന്‍ പലയിടത്തും ടാര്‍ പോളിന്‍ വലിച്ചുകെട്ടിയിരിക്കുയാണ്. നടന്‍ ദേവന്‍ നിര്‍മിച്ച വെള്ളം, ഗുരുവായൂര്‍ കേശവന്‍, വടക്കന്‍ വീരഗാഥ എന്നീ സിനിമകളില്‍ ഈ ചരിത്ര സ്മാരകത്തിന്‍റെ സൗന്ദര്യം നിറഞ്ഞുനില്‍ക്കുന്നുണ്ട്. കോടികളുടെ വരുമാനമുള്ള ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ അവഗണന തുടര്‍ന്നാല്‍ ഈ ചരിത്ര സ്മാരകം മണ്ണടിയാന്‍ അധികകാലം വേണ്ടിവരില്ല.
ആനയൂട്ട് ഇന്ന്
ഗുരുവായൂര്‍: 47 വര്‍ഷംമുമ്പ് പുന്നത്തൂര്‍ കോവിലകം പറമ്പില്‍ ആനകള്‍ 'ഗൃഹപ്രവേശം' നടത്തിയ സ്മരണയില്‍ ഞായറാഴ്ച വൈകീട്ട് മൂന്നിന് ആനത്താവളത്തില്‍ ആനയൂട്ട് നടക്കും. ദേവസ്വം പെന്‍ഷനേഴ്‌സ് കൂട്ടായ്മയാണ് ഇത് നടത്തുന്നത്. 1975 ജൂണ്‍ 26നാണ് ഗജരാജന്‍ കേശവന്‍റെ നേതൃത്വത്തില്‍ 21 ആനകളെ ഇന്നത്തെ ആനത്താവളത്തിലേക്ക് കൊണ്ടുവന്നത്. അതുവരെ ക്ഷേത്രത്തിന്‍റെ തെക്കേനടയിലെ കോവിലകം പറമ്പിലാണ് (ശ്രീവത്സം ഗെസ്റ്റ് ഹൗസ് വളപ്പ്) ആനകളെ തളച്ചിരുന്നത്. ഇപ്പോള്‍ 44 ആനകളാണ് താവളത്തിലുള്ളത്. അന്ന് വന്ന ആനകളില്‍ നന്ദിനി, രാധാകൃഷ്ണന്‍, താര, ദേവി എന്നിവർ ഇപ്പോഴുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.