ഗുരുവായൂര്‍: വൃക്കകള്‍ തകരാറിലായി ചികിത്സക്കായി ബുദ്ധിമുട്ടുന്ന സഹപാഠിക്ക് കാരുണ്യ തണലൊരുക്കാന്‍ മുന്നിട്ടിറങ്ങി പൂര്‍വ വിദ്യാര്‍ഥി സംഘടന. ഗുരുവായൂര്‍ പുത്തമ്പല്ലി പണിക്കവീട്ടില്‍ സജ്നക്ക് (41) തുണയേകാനുള്ള ശ്രമത്തിലാണ് ആര്യഭട്ട കോളജിലെ പൂര്‍വിദ്യാര്‍ഥി സംഘടനയായ ആര്യ ആശ്ലേഷ്. സജ്നയും പ്രമേഹ രോഗിയായ ഉമ്മ ജമീലയും (60) വാടക വീട്ടിലാണ് താമസം. അവര്‍ക്ക് സ്വന്തമായി കിടപ്പാടം നിര്‍മിച്ച് നല്‍കാനാണ് ശ്രമം. 1995-2000 കാലത്ത് പ്ലസ്ടുവിനും ഡിഗ്രിക്കും ആര്യഭട്ട കോളജില്‍ പഠിച്ചിരുന്ന സജ്ന സ്പോര്‍ട്സ് ക്യാപ്റ്റന്‍ ആയിരുന്നു.
2022 മേയ് മാസത്തില്‍ ഉണ്ടായ ഒരു ശ്വാസം മുട്ടലാണ് സജ്നയുടെ ജീവിതം മാറ്റിമറിച്ചത്. പരിശോധനയില്‍ ക്രിയാറ്റിനിന്റെ അളവ് 9.2 ആണെന്ന് കണ്ടെത്തി. വൃക്കകള്‍ തകരാറിലായെന്നും ഡയാലിസിസ് അല്ലാതെ മറ്റു വഴിയില്ലെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി.
ഇതുവരെ 115 ഡയാലിസിസ് കഴിഞ്ഞു. ആഴ്ചയില്‍ രണ്ട് വീതം ഡയാലിസിസ് ഇപ്പോഴും വേണം. ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്ത് കുടുംബം പോറ്റിയിരുന്ന സജ്നക്ക് ഇപ്പോള്‍ ജോലി ചെയ്യാന്‍ കഴിയുന്നില്ല. ചികിത്സക്ക് പണം വേണം. സ്വന്തമായി ഒരു വീട് എന്നത് ഏറെക്കാലത്തെ സ്വപ്നവുമാണ്. സജ്നയുടെ കഷ്ടപ്പാടു മനസ്സിലാക്കിയാണ് പൂര്‍വ വിദ്യാര്‍ഥി സംഘടന തങ്ങളുടെ സഹപാഠിക്ക് ഒരു വീട് എന്ന പദ്ധതിയുമായി രംഗത്തിറങ്ങിയത്.
പ്രസിഡന്റ് സെമീറ അലി, സെക്രട്ടറി ധന്യ ഹരിദാസ്, ട്രഷറര്‍ ജിബി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് ശ്രമങ്ങള്‍. സുമനസുകളുടെ കാരുണ്യം ഇവര്‍ തേടുന്നുണ്ട്. ഫോണ്‍: 9846603073. അക്കൗണ്ട് നമ്പര്‍: 30207047022, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഗുരുവായൂര്‍. ഐ.എഫ്.എസ് കോഡ്: SBIN 0006560. ഫോണ്‍: 7829252252.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.