ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിലെ തകിൽ വാദ്യക്കാരനായി പട്ടികജാതിക്കാരനായ കലാകാരന് നിയമനം. എരുമപ്പെട്ടി കരിയന്നൂര്‍ മേലേപുരക്കല്‍ സതീഷിനെയാണ് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ക്ഷേത്രത്തിലെ തകിൽ വാദകനായി നിയമിച്ചത്. ആദ്യമായാണ് ക്ഷേത്രത്തിനകത്തെ വാദ്യത്തിൽ ഒരു പിന്നാക്ക വിഭാഗക്കാരൻ നിയമിക്കപ്പെടുന്നത്. ക്ഷേത്രത്തിലെ കൃഷ്ണനാട്ട രംഗത്തെ ജാതി വിവേചനത്തിനെതിരെ സ്പീക്കറായിരുന്ന കാലത്ത് പരസ്യമായി ആഞ്ഞടിച്ച കെ. രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയായിരിക്കെയാണ് ഒരു പട്ടികജാതിക്കാരന് ക്ഷേത്രത്തിലെ വാദ്യരംഗത്ത് പ്രവേശനമുണ്ടായതെന്നത് കാലം കരുതിെവച്ച കാവ്യനീതിയായി. ദേവസ്വത്തിലെ നിയമനങ്ങളെല്ലാം റിക്രൂട്ട്മെൻറ് ബോർഡിന് വിടുകയും നിയമനങ്ങളിൽ സംവരണ തത്ത്വം പാലിക്കേണ്ടതുള്ളതുമാണ് സതീഷിന് തുണയായത്.
റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനമാണ് സതീഷിനുണ്ടായിരുന്നത്. ഒന്നാം റാങ്കുകാരൻ വാദ്യ വിദ്യാലയത്തിലെ ജോലി തെരഞ്ഞെടുത്തതോടെ സതീഷിനെ ക്ഷേത്രത്തിലെ തകിൽ വാദകനായി നിയമിച്ച് ഉത്തരവിറങ്ങി. കഴിഞ്ഞയാഴ്ച അദ്ദേഹം ജോലിയിൽ പ്രവേശിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ വാദ്യരംഗത്തെ ജാതി വിവേചനത്തിനെതിരെ 1987ൽ സ്വാമി ഭൂമാനന്ദ തീർഥയുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടന്നിരുന്നു. സമരത്തിനൊടുവിൽ 1988 ജൂലൈ ജൂലൈ 23ന് പന്തീരടി പൂജക്കും ഉച്ചപൂജക്കും മധ്യേ പഞ്ചവാദ്യസേവ നടത്താന്‍ പട്ടികജാതി വിഭാഗക്കാർക്ക് അനുമതി ലഭിച്ചെങ്കിലും തുടർച്ചയുണ്ടായില്ല. 2014 ജനുവരിയിൽ ഇലത്താള കലാകാരനായ കല്ലൂർ ബാബുവിന് ജാതിയുടെ പേരിൽ അനുമതി നിഷേധിക്കപ്പെട്ട സംഭവവും ഉണ്ടായി. ഇതിെൻറ തുടർച്ചയായി ആ വർഷത്തെ ഉത്സവത്തിലെ മേളത്തിലും തായമ്പകയിലും പങ്കെടുക്കാൻ വാദ്യകലാകാരന്മാരായ കലാമണ്ഡലം രാജൻ, ചൊവ്വല്ലൂർ മോഹനൻ, ഇരിങ്ങപ്പുറം ബാബു, ചൊവ്വല്ലൂർ ഗംഗാധരൻ, ചൊവ്വല്ലൂർ സുനിൽ, കലാനിലയം കമൽനാഥ്, കെ. ശ്യാമളൻ, ടി. കേശവദാസ്, കലാമണ്ഡലം രതീഷ്, കലാനിലയം സനീഷ്, കലാനിലയം അജീഷ് എന്നിവർ ദേവസ്വത്തിന് അപേക്ഷ നൽകിയെങ്കിലും മറുപടിയുണ്ടായില്ല. 2015ൽ വാദ്യകലാസംരക്ഷണ സംഘം പ്രസിഡൻറ് പൂങ്ങാട് മാധവൻ നമ്പൂതിരിയും സെക്രട്ടറി ഇരിങ്ങപ്പുറം ബാബുവും അപേക്ഷ നൽകിയെങ്കിലും ദേവസ്വം മൗനം തുടർന്നു.
പട്ടിക ജാതിക്കാർക്ക് ക്ഷേത്രത്തിനകത്ത് പഞ്ചവാദ്യത്തിന് അനുമതി ലഭിച്ചതിെൻറ രജത ജൂബിലിയുടെ ഭാഗമായി ക്ഷേത്രത്തിനകത്ത് പഞ്ചവാദ്യത്തിന് അനുമതി നൽകണമെന്ന് വ്യാസ ക്ഷേത്ര കലാസമിതി പ്രസിഡൻറ് ടി.എ. കുഞ്ഞനും സെക്രട്ടറി കെ.എ. സുബ്രഹ്മണ്യനും നൽകിയ അപേക്ഷയിലും തീരുമാനം ഉണ്ടായില്ല. ഇതിനിടെ ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് നിലവിൽ വന്നതോടെ നിയമനങ്ങൾക്ക് സംവരണ തത്ത്വം പാലിക്കേണ്ട സാഹചര്യമായി. പട്ടികജാതി, പട്ടിക വർഗക്കാർക്കും പിന്നാക്ക വിഭാഗങ്ങൾക്കും ദേവസ്വം ജോലിയിൽ സംവരണം ഏർപ്പെടുത്താൻ കെ.ബി. മോഹൻദാസ് ചെയർമാനായ ഭരണസമിതി കഴിഞ്ഞ വർഷം ഒക്ടോബറിൽ തീരുമാനിച്ചിരുന്നു. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തുല്യമായ സേവന വേതന വ്യവസ്ഥകൾ പിന്തുടരുന്ന സ്ഥാപനമാണ് ഗുരുവായൂർ ദേവസ്വം. ഉത്സവകാലത്തെ വാദ്യത്തിലെങ്കിലും ഹിന്ദു സമുദായത്തിലെ എല്ലാ വിഭാഗക്കാർക്കും വാദ്യരംഗത്ത് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കലാകാരന്മാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.