ഗുരുവായൂര്‍: ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ശരിയാക്കാന്‍ എടുത്തത് ആറ് മാസം. ഓണ്‍ലൈനില്‍ പല തവണ പരാതി നല്‍കിയിട്ടും ഫലമില്ലാതിരുന്നതിനെ തുടര്‍ന്ന് നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചതെന്ന് പരാതി നല്‍കിയ വേണു എടക്കഴിയൂര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു.
ചാമുണ്‌ഡേശ്വരി റോഡില്‍ നളന്ദ ജങ്ഷനടുത്താണ് പൈപ്പ് പൊട്ടി വെള്ളം പാഴായിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 31നാണ് വേണു ജല അതോറിറ്റിക്ക് ഓണ്‍ലൈനില്‍ പരാതി രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ആഗസ്റ്റ് എട്ടിനും ജനുവരി രണ്ടിനും ഓണ്‍ലൈനിലൂടെ തന്നെ റിമൈന്‍ഡര്‍ റജിസ്റ്റര്‍ ചെയ്തു. പരാതി ശ്രദ്ധയില്‍ പെട്ട് ജല അതോറിട്ടിയുടെ ഗുരുവായൂര്‍ ഓഫിസില്‍ നിന്ന് വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം നന്നാക്കാന്‍ ജീവനക്കാരില്ല എന്ന് കൈമലര്‍ത്തിയെന്നും പോസ്റ്റിലുണ്ട്.
നിത്യവും ഗാലന്‍ കണക്കിന് കുടിവെള്ളം റോഡില്‍ പഴകുന്നതില്‍ സഹികെട്ടു വിവരം സുഹൃത്തുകൂടിയായ നഗരസഭാ ചെയര്‍മാന്‍ എം. കൃഷ്ണദാസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നത്തിന് പരിസമാപ്തി ഉണ്ടായതെന്ന് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ''പൈപ്പ് ശരിയാക്കാന്‍ വന്ന ആള്‍ കൊണ്ടുവന്ന പൈപ്പിന്റെ കഷണങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ ബോധം കേട്ട് വീണില്ല എന്നേ ഉള്ളൂ.
എവിടെനിന്നോ മുറിച്ച് കൊണ്ടുവന്ന പഴയ പൈപ്പിന്റ തുണ്ടങ്ങള്‍. അവയില്‍ പലതിന്റെയും ഉള്ളിലൂടെ ജലം ദീര്‍ഘകാലം ഒഴുകിപ്പോയി ചളി നിറം വന്നിരുന്നു. അവയില്‍ ബന്ധിച്ചിരുന്ന ബെന്റുകളും മറ്റും മുറിച്ചുമാറ്റിയാണ് റിപ്പയര്‍ ചെയ്യാന്‍ പ്രയോജനപ്പെടുത്തിയത്! ഇത്ര ദാരിദ്ര്യം കയറിയ വകുപ്പാണോ വാട്ടര്‍ അതോറിറ്റി എന്ന് ഖേദിക്കേണ്ട അവസ്ഥ!'' എന്നു കൂടി കുറിച്ച് ജല അതോറിറ്റിയുടെ ദയനീയാവസ്ഥയില്‍ പരിതപിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.