ഗുരുവായൂര്‍: ‘സൗരവ് 18ാം പിറന്നാള്‍ രക്തം ദാനം ചെയ്ത് ആഘോഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ സ്റ്റൈജു മാസ്റ്റര്‍’ -മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കന്‍ഡറി സ്കൂൾ അധ്യാപകന് പി.ജെ. സ്റ്റൈജു രക്തദാന ദിനത്തിന്റെ ഭാഗമായി പൂര്‍വ വിദ്യാര്‍ഥികള്‍ക്കെഴുതിയ കത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ അധ്യയനവര്‍ഷം പഠിച്ചിറങ്ങിയവരെയാണ് പോസ്റ്റ്കാര്ഡിലെഴുതിയ കത്തിലൂടെ ഈ അധ്യാപകന് രക്തദാനത്തിന് ക്ഷണിക്കുന്നത്.
17 വയസ്സുള്ളവരാണ് സാധാരണ പ്ലസ് ടു പൂര്‍ത്തിയായി സ്കൂള്‍ വിടുന്നതെന്നും രക്തം ദാനം ചെയ്യാവുന്ന 18 വയസ്സ് മുതല്‍ അവരെ രക്തദാനമെന്ന മഹത്തായ ദൗത്യത്തിന് പ്രേരിപ്പിക്കുകയാണ് കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്റ്റൈജു പറഞ്ഞു. പ്ലസ് ടുവിന്റെ ‘സെന്‍ഡ് ഓഫ്’ സമയത്തുതന്നെ ഇക്കാര്യം ഓര്പ്പെടുത്താറുണ്ട്. ഒരിക്കല്‍ കൂടിയുള്ള ഓര്‍മപ്പെടുത്തലാണ് രക്തദാന ദിനത്തിലെ കത്ത്. മുന്‍ വര്‍ഷങ്ങളില്‍ പഠിച്ചിറങ്ങിയവര്‍ പലരും പതിനെട്ടാം പിറന്നാളില്‍ രക്തം ദാനം ചെയ്ത് വിവരം വിളിച്ചുപറയാറുണ്ടെന്ന് സ്റ്റൈജു പറഞ്ഞു.
കോവിഡ് കാലത്തിനുശേഷം രക്തം ലഭിക്കാന്‍ പ്രയാസം നേരിടുന്നുണ്ട്. പുതുതലമുറയിലെ കൂടുതല്‍ പേര് ഈ രംഗത്തേക്ക് കടന്നുവരണം. കത്തെഴുത്തിന് പുറമെ എന്‍.സി.സി, എന്‍.എസ്.എസ്, എസ്.പി.സി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, റെഡ് ക്രോസ് എന്നീ സംഘടനകളിലെ കാഡറ്റുകള്‍ക്ക് വിതരണം ചെയ്യാനായി ബോധവത്കരണ ലഘുലേഖകളും ഈ അധ്യാപകന് തയാറാക്കിയിട്ടുണ്ട്. 24 വര്‍ഷത്തെ അധ്യാപന പരിചയമുള്ള സ്റ്റൈജുവിന് എന്‍.സി.സിയില്‍ മേജര്‍ പദവിയുമുണ്ട്.
വാക്കിലും എഴുത്തിലുമൊതുങ്ങുന്നതല്ല ഈ അധ്യാപകന്റെ രക്തദാന മാതൃക. ശ്രീകൃഷ്ണ കോളജില്‍ എന്‍.സി.സി കാഡറ്റ് ആയിരിക്കെ തുടങ്ങിയ രക്തദാനം ഇതുവരെ 77 തവണയായി. 2005ല്‍ മികച്ച രക്തദാന പ്രവര്‍ത്തകനുള്ള പുരസ്കാരം ലഭിച്ചു. എന്‍.സി.സിയുടെ രക്തദാന പതക്കം, കണ്ടാണശ്ശേരി പഞ്ചായത്തിന്റെ രക്തബന്ധു പുരസ്കാരം, കേരള ബ്ലഡ് ഓണേഴ്സ് ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ വിവിധ പുരസ്കാരങ്ങള്‍ തുടങ്ങിയവ തേടിയെത്തി. നൂറുകണക്കിന് ശിഷ്യര്‍ക്ക് രക്തദാനത്തില്‍ ഹരിശ്രീ കുറിക്കാന്‍ കഴിഞ്ഞതാണ് ഏറെ സന്തോഷം പകരുന്നതെന്ന് സ്റ്റൈജു പറഞ്ഞു. വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ്സ് ആന്‍ഡ് സെന്റ് സിറിള്‍സ് സ്കൂള്‍ അധ്യാപികയായ ഭാര്യ അമ്പിളി, മക്കളായ അനന്യ, അമൃത, അഭിഷേക് എന്നിവര്‍ രക്തദാന പ്രചാരണങ്ങളില്‍ കരുത്തായി ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.