ഗുരുവായൂർ: ദേവസ്വത്തിലെ താൽക്കാലിക ക്ലർക്കുമാരെ പിരിച്ചുവിടൽ തുടങ്ങി. ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് നിയമിച്ച ക്ലർക്കുമാർ വരുന്നു എന്ന കാരണത്താലാണ് ഇവരെ പിരിച്ചുവിടുന്നതെന്നാണ് ദേവസ്വത്തിെൻറ വിശദീകരണം. എന്നാൽ, 179 ദിവസത്തേക്ക് നിയമിച്ചവരെ ഒരു മുന്നറിയിപ്പും ഇല്ലാതെ നാളെ മുതൽ ജോലിക്ക് വരേണ്ട എന്ന രീതിയിൽ ഒഴിവാക്കുന്നത് സാമാന്യനീതിയുടെ ലംഘനമാണെന്ന് താൽക്കാലിക ജീവനക്കാർ പറഞ്ഞു.
ഉത്തരവാദപ്പെട്ട ചുമതലകൾ ഉള്ളവരെയാണ് 24 മണിക്കൂർ പോലും സാവകാശമില്ലാതെ ഒഴിവാക്കുന്നത്. റിക്രൂട്ട്മെൻറ് ബോർഡ് നിയമിക്കുന്നവർ എത്തിയാൽ പോലും ദേവസ്വത്തിന് താൽക്കാലിക ജീവനക്കാരെ ആവശ്യമുള്ള ഘട്ടത്തിലാണ് പിരിച്ചു വിടൽ. പിരിച്ചുവിടാൻ ദേവസ്വം ഭരണസമിതി തീരുമാനമെടുത്തിട്ടുമില്ല. കോവിഡ് കാലത്ത് താൽക്കാലികക്കാരെ ഒഴിവാക്കരുതെന്ന സർക്കാർ നിർദേശവും പാലിക്കപ്പെടുന്നില്ല.
ദേവസ്വത്തിലെ താൽക്കാലിക ജീവനക്കാരുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേസ് നടന്നുവരുന്നുണ്ട്. താൽക്കാലിക ക്ലർക്കുമാരുടെ വിവരങ്ങളും കോടതിക്ക് കൈമാറിയിട്ടുണ്ട്. ഈ കേസിൽ വിധി വരുന്നതിന് മുമ്പാണ് ഒഴിവാക്കൽ.
വിധി വരുന്നത് വരെയെങ്കിലും തങ്ങളെ ജോലിയിൽ തുടരാൻ അനുവദിക്കണമെന്നാണ് ക്ലർക്കുമാരുടെ ആവശ്യം. കോവിഡ് സാഹചര്യങ്ങളിൽ മറ്റൊരു തൊഴിലിടം ലഭിക്കാനുള്ള പ്രയാസവും മാനുഷികതയുടെ പേരിൽ പരിഗണിക്കണമെന്ന് അവർ അഭ്യർഥിച്ചു. 23 താൽക്കാലിക ക്ലർക്കുമാർ ഒപ്പിട്ട നിവേദനം അധികാരികൾക്ക് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.