ഗുരുവായൂര്‍: താമരയൂര്‍ ഹരിദാസ് നഗറിലെ ഫ്രണ്ട്സ് ടീ സ്റ്റാളില്‍ ബുധനാഴ്ച ചായയും പലഹാരങ്ങളുമെല്ലാം സൗജന്യമാണ്. ചായ കുടിച്ച് പോകുന്നവര്‍ക്ക് അവിടെ വെച്ചിട്ടുള്ള പാത്രത്തില്‍ ഇഷ്ടമുള്ള തുക നിക്ഷേപിക്കാം.
ലഭിക്കുന്ന തുക മുഴുവന്‍ ഡോ. വി.പി. ഗംഗാധരന്റെ നേതൃത്വത്തിലുള്ള കൊച്ചിന് കാന്‍സര്‍ സൊസൈറ്റിക്ക് കൈമാറും. പുലർച്ച അഞ്ച് മുതൽ രാത്രി 7.30 വരെ ചായക്കട തുറന്നിരിക്കും. താഴിശ്ശേരി ബിനുവും ഭാര്യ സന്ധ്യയും തങ്ങളുടെ വീടിനോട് ചേര്‍ന്ന് നടത്തുന്ന ചായക്കടയാണ് ഫ്രണ്ട്സ് ടീ സ്റ്റാള്‍.
അര്‍ബുദ ബാധിതയായിരുന്ന സന്ധ്യ ഡോ. ഗംഗാധരന്റെ ചികിത്സയിലാണ് ജീവിതത്തിൽ തിരിച്ചെത്തിയത്. അന്ന് തങ്ങള്‍ അനുഭവിച്ച പ്രയാസങ്ങളാണ് തങ്ങളാലാകുംവിധം അർബുദ രോഗികളെ സഹായിക്കാന്‍ പ്രചോദനമെന്ന് ബിനുവും സന്ധ്യയും പറഞ്ഞു. സാമ്പത്തികമായി ഏറെ പരിമിതിയിലാണ് കുടുംബം മുന്നോട്ട് പോകുന്നത്.
ഇവരുടെ മകള്‍ എല്‍.എഫ് കോളജ് വിദ്യാര്‍ഥിനി നന്ദനക്ക് ശ്രവണ സഹായിക്കായി ഏറെ വാതിലുകള്‍ മുട്ടേണ്ടിവന്നിരുന്നു. ഒടുവില്‍ സംസ്ഥാന സര്‍ക്കാറിന്റെ അദാലത്തിലാണ് പ്രശ്നത്തിന് പരിഹാരമായത്.
ഇത്തരം പ്രതിസന്ധികളൊന്നും അർബുദ രോഗികള്‍ക്ക് തുണയാകാനുള്ള ഇവരുടെ തീരുമാനത്തിന് വിലങ്ങുതടിയല്ല. അര്‍ബുദം നേരത്തേ തിരിച്ചറിയാനുള്ള നിര്‍ദേശങ്ങളുമായി ഡോ. ഗംഗാധരന് തയാറാക്കിയ ലഘുലേഖ 600 പകര്‍പ്പുകളെടുത്ത് സന്ധ്യ തന്റെ വാര്‍ഡിലുള്ളവര്‍ക്കും കടയിലെത്തുന്നവര്‍ക്കും വിതരണം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.