ഗുരുവായൂർ: നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തിങ്കളാഴ്ച നടപ്പാക്കിയ ഗതാഗത പരിഷ്കാരം വിജയകരമെന്ന് വിലയിരുത്തൽ. ബസ് സ്റ്റാൻഡ് സമുച്ചയ നിർമാണത്തിന് നിലവിലെ സ്റ്റാൻഡ് അടച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച പരിഷ്കാരം ഏർപ്പെടുത്തിയത്.
ചൊവ്വല്ലൂർപടി വഴി പോകുന്ന ബസുകൾ ഔട്ടർ റിങ് റോഡിലെ നഗരസഭയുടെ അഗതിമന്ദിരത്തിന് സമീപമുള്ള ബഹുനില പാർക്കിങ് സമുച്ചയത്തിൽ നിന്ന് സർവിസ് ആരംഭിക്കാനാണ് നിർദേശിച്ചിരുന്നത്. എന്നാൽ, തിങ്കളാഴ്ച ഈ ബസുകൾ പാർക്കിങ് സമുച്ചയത്തിൽ കയറാതെ കുട്ടികളുടെ പാർക്കിന് സമീപത്ത് നിന്നാണ് ആരംഭിച്ചത്. ഈ ബസുകൾ സമുച്ചയത്തിൽനിന്ന് തന്നെ ആരംഭിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
കുട്ടികളുടെ പാർക്കിന് സമീപം സ്റ്റോപ്പ് അനുവദിച്ച് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുമെന്ന് നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് പറഞ്ഞു. ബസ് സ്റ്റാൻഡിന് സമീപവും കാത്തിരിപ്പ് കേന്ദ്രം നിർമിക്കും. തൃശൂർ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ പാലത്തിൽനിന്ന് ബസ് സ്റ്റാൻഡിന്റെ ഭാഗത്തേക്ക് തിരിഞ്ഞ് പടിഞ്ഞാറെ നട, കൈരളി ജങ്ഷൻ വഴി പാർക്കിങ് സമുച്ചയത്തിലെത്തുകയാണ്.
ചാവക്കാട്, കുന്നംകുളം ഭാഗത്തു നിന്നും വരുന്ന ബസുകൾ മമ്മിയൂർ കൈരളി ജങ്ഷൻ വഴി ഇടത്തോട്ട് തിരിഞ്ഞ് ഔട്ടർ റിങ് റോഡിലേക്ക് പ്രവേശിച്ച് മഞ്ജുളാൽ ജങ്ഷൻ വഴി ഔട്ടർ റിങ് റോഡ് ചുറ്റി പടിഞ്ഞാറെ നടയിലെ പഴയ മായ ബസ് സ്റ്റാൻഡിൽ എത്തണമെന്നായിരുന്നു നിർദേശം. എന്നാൽ, ഈ ബസുകൾ തിങ്കളാഴ്ച മായ സ്റ്റാൻഡിൽ കയറിയില്ല.
ഈ ബസുകൾ അഗതി മന്ദിരത്തിന് സമീപം റോഡരികിൽ പാർക്ക് ചെയ്തു. ഈ ബസുകൾ മായ സ്റ്റാൻഡിൽ തന്നെ പാർക്ക് ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ട്. മായ സ്റ്റാൻഡിൽ കാത്തിരിപ്പ് കേന്ദ്രം നിർമിക്കും. ബയോ ശുചിമുറികളും സ്ഥാപിക്കും. പരിഷ്കാരങ്ങൾ തുടരാൻ നഗരസഭാധ്യക്ഷൻ എം. കൃഷ്ണദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ബസ് സ്റ്റാൻഡ് സമുച്ചയം രണ്ട് വർഷത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.