ഗുരുവായൂർ: അവധി ദിവസങ്ങളിൽ ഗതാഗതക്കുരുക്കിലായി ഗുരുവായൂർ. ബുധനാഴ്ച ഉച്ചവരെയും കിഴക്കെ നടയിൽ ഗതാഗത കുരുക്കായിരുന്നു. മേൽപാലത്തിലും ഗതാഗതം സ്തംഭിച്ചു.ഓണം അവധി ആരംഭിക്കുന്നതോടെ സ്ഥിതി രൂക്ഷമാകുമെന്നാണ് ആശങ്ക. അഷ്ടമിരോഹിണി ദിനത്തിൽ വൻ തിരക്കുണ്ടായിട്ടും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നില്ല. പൊലീസ് ഇടപെടൽ കാര്യക്ഷമമായതായിരുന്നു കാരണം. എന്നാൽ മറ്റ് ദിവസങ്ങളിൽ, നഗരസഭ നിയോഗിച്ച ട്രാഫിക് വാർഡൻമാർ മാത്രമാണ് രംഗത്തുള്ളത്.
പൊലീസിന്റെ അംഗബലക്കുറവിന്റെ ന്യായം പറഞ്ഞ് പൊലീസ് ഗതാഗത നിയന്ത്രണ രംഗത്തില്ല. സ്ഥിരം കുരുക്കുള്ള മമ്മിയൂരിൽ ഓട്ടോ-ടാക്സി ഡ്രൈവർമാരാണ് ഗതാഗതം നിയന്ത്രിക്കുന്നത്. കിഴക്കെനട അപ്സര ജങ്ഷനിൽ ഓട്ടോയുടെ അനധികൃത പാർക്കിങ്ങിനെ ചൊല്ലി പരാതി പറഞ്ഞ് ജനം മടുത്ത സ്ഥിതിയാണ്. വർഷങ്ങൾക്ക് മുമ്പ് തന്നെ സ്ഥിരം പൊലീസ് സാന്നിധ്യമുണ്ടായിരുന്ന ഇവിടെ കുറെക്കാലമായി പൊലീസില്ല.
ട്രാഫിക് വാർഡൻമാർക്ക് പ്രതിഫലം നൽകുന്നത് ബാധ്യതയായതോടെ നഗരസഭ ഇവരുടെ സേവനം അവസാനിപ്പിക്കുന്നത് ആലോചിക്കുകയാണ്. ഓണം സീസണും അത് കഴിഞ്ഞ് താമസിയാതെ ശബരിമല സീസണും വരുന്നതോടെ കുരുക്ക് കൂടുതൽ രൂക്ഷമാകാനാണ് സാധ്യത. ഗതാഗത ക്രമീകരണം കാര്യക്ഷമമാക്കുന്നതിന് പൊലീസ് ഉൾപ്പെടെയുള്ളവരുടെ യോഗം അടിയന്തിരമായി ചേരുമെന്ന് നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.