ഗുരുവായൂർ: മോദിയുടെ വരവിനായി നേരത്തേ പ്രഖ്യാപിക്കാതെ നടത്തിയ ട്രയൽ റണ്ണിൽ ഗുരുവായൂർ നിശ്ചലമായി. പുലർച്ച 5.30 മുതൽ 10 വരെയാണ് ട്രയൽ റണ്ണിന്റെ നടപടിക്രമങ്ങൾ നടന്നത്. സ്കൂൾ ബസുകൾ പലയിടത്തും കുടുങ്ങിയതോടെ വിദ്യാർഥികൾക്ക് സ്കൂളിലെത്താനായില്ല. കുട്ടികളുടെ കുറവുമൂലം പലയിടത്തും അധ്യയനം നടന്നില്ല. മോദിയുടെ വരവ് പ്രമാണിച്ച് ബുധനാഴ്ചയും സ്കൂൾ അവധിയാണ്. കട തുറക്കാനെത്തിയ വ്യാപാരികളെയും തടഞ്ഞു.
മകരവിളക്ക് കഴിഞ്ഞെത്തുന്ന ശബരിമല തീർഥാടകരുടെ തിരക്ക് അനുഭവപ്പെടുന്ന ദിവസമാണ് മോദിയുടെ വരവിൽ നഗരം സ്തംഭിച്ചത്. പല കടകളിലേക്കും രാവിലെ ചരക്കെത്തിക്കാനും കഴിഞ്ഞില്ല. മോദി മടങ്ങുംവരെ വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണമുണ്ട്.
തൃപ്രയാർ: ശ്രീരാമ ക്ഷേത്ര ദർശനത്തിന് ബുധനാഴ്ച എത്തുന്ന പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ട്രയൽ റൺ നടത്തി. ചൊവ്വാഴ്ച രാവിലെ രണ്ട് തവണയാണ് ട്രയൽ നടത്തിയത്. തൃപ്രയാർ ക്ഷേത്രവും പരിസരവും എസ്.പി.ജിയുടെ പൂർണ നിയന്ത്രണത്തിലാണ്.
ഗുരുവായൂരിൽനിന്ന് വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ടിലെ താൽക്കാലിക ഹെലിപാഡിലാണ് മോദി വന്നിറങ്ങുക. കഴിഞ്ഞ ദിവസം ഇവിടെ വ്യോമസേനയുടെ ഹെലികോപ്റ്റർ പരീക്ഷണ പറക്കലും ലാൻഡിങ്ങും നടത്തി.
അവിടെനിന്ന് കാർ മാർഗം സഞ്ചരിക്കുന്ന കിഴക്കേ ടിപ്പു സുൽത്താൻ റോഡിനിരുവശം, ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നട, ചുറ്റു മതിൽ എന്നിവിടങ്ങളിൽ പ്രത്യേക ബാരിക്കേഡ് സ്ഥാപിച്ചു.
തൃശൂർ ബ്രഹ്മസ്വം മഠത്തിൽ വേദപഠനം നടത്തുന്ന 21 വിദ്യാർഥികളുടെ വേദാർച്ചന, രാമായണത്തെ ആസ്പദമാക്കിയുള്ള ഭജന എന്നിവ ക്ഷേത്രത്തിൽ പ്രത്യേകം സജ്ജീകരിക്കുന്ന വേദിയിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കും. ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ചാണ് പ്രധാനമന്ത്രി കൊച്ചിയിലേക്ക് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.