ഗുരുവായൂർ: 24കാരി അനാമിക മത്രംകോട്ട് യു.ഡി.എഫ് പട്ടികയിൽ 37ാം വാർഡിലെ 'ബേബി' സ്ഥാനാർഥിയാകുമ്പോൾ അതേ വയസ്സുകാരനായ പി.പി. വൈഷ്ണവും 'കുട്ടി' സ്ഥാനാർഥിയായി എൽ.ഡി.എഫ് നിരയിൽ അഞ്ചാം വാർഡിലുണ്ട്. അനാമികയുടെ ജനന തീയതി 1996 ജൂൺ 17 ആണെങ്കിൽ വൈഷ്ണവിെൻറത് അതേ വർഷം തന്നെ ഏപ്രിൽ 30. പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിലെ എം.എസ്സി ഇലക്ട്രോണിക് മീഡിയ വിദ്യാർഥിയായ അനാമികക്ക് ഇത് തെരഞ്ഞെടുപ്പ് രംഗത്തെ കന്നിയങ്കമാണ്.
അനാമികയുടെ അമ്മ മഞ്ജു ഉണ്ണികൃഷ്ണൻ 2010ൽ 35ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു. തെരഞ്ഞെടുപ്പിൽ കന്നിയങ്കമെങ്കിലും സേവാദളിലൂടെ കഴിഞ്ഞ കുറച്ച് വർഷമായി അനാമിക രാഷ്ട്രീയ രംഗത്ത് സജീവമാണ്. സേവാദൾ തിരുവനന്തപുരത്ത് സംഘടിപ്പിച്ച കാമ്പിൽ 'ബെസ്റ്റ് കാമ്പർ' ബഹുമതി നേടിയിട്ടുണ്ട്. രാഹുൽ ഗാന്ധി ചാവക്കാട് എത്തിയപ്പോൾ സേവാദൾ ചുമതലകൾക്കിടെ നേരിട്ട് സംസാരിക്കാനായതും സോണിയ ഗാന്ധിയുമായി തൃശൂരിലെ ചടങ്ങിനിടെ സംസാരിക്കാനായതുമൊക്കെ വലിയ ഭാഗ്യമെന്ന് ഈ കൊച്ചു സ്ഥാനാർഥി കരുതുന്നു.
എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ എം.ബി.എ ബിരുദധാരിയായ വൈഷ്ണവിനും ഇത് ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടമാണ്. 2016ൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും 2019ൽ ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായി. ഇപ്പോൾ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗമാണ്.
ഇരിങ്ങപ്പുറം വായന ശാല യുവസമിതി കൺവീനറും കനിവ് ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകനും മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകാൻ ആവിഷ്കരിച്ച ഹൃദയപൂർവം പദ്ധതിയുടെ ചുമതലക്കാരനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.