ഗുരുവായൂരിലെ വീട്ടിൽനിന്ന് ഒന്നരകോടിയുടെ സ്വർണക്കവർച്ച: പ്രതി പിടിയിൽ

ഗുരുവായൂർ: ആനത്താവളത്തിനടുത്ത് തമ്പുരാൻപടി അശ്വതിയിൽ കുരഞ്ഞിയൂർ ബാലന്‍റെ വീട്ടിൽനിന്ന് ഒന്നരകോടി രൂപയുടെ സ്വർണവും രണ്ടുലക്ഷം രൂപയും കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. എടപ്പാളിൽ വാടകക്ക് താമസിക്കുന്ന തമിഴ്നാട് തൃശിനാപ്പിള്ളി ലാൽഗുഡി അണ്ണാനഗർ കോളനിയിൽ ധർമരാജാണ് (രാജ് -26) പിടിയിലായത്.

ഈ മാസം 12ന് വൈകീട്ട് 7.40നും 8.20നും മധ്യേയാണ് മോഷണം നടന്നത്. ഈ സമയത്ത് വീട്ടുകാർ സിനിമക്ക് പോയതായിരുന്നു. മോഷ്ടിച്ച ബൈക്കിലെത്തി മതിൽ ചാടിക്കടന്ന് വീടിന് പിറകിലൂടെ മുകൾ നിലയിലേക്ക് കയറിയാണ് അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാര പൊളിച്ചാണ് ബാറുകളായും ബിസ്കറ്റുകളായും ആഭരണങ്ങളായും സൂക്ഷിച്ച സ്വർണവും പണവും കവർന്നത്.

വീട്ടിൽനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയതെന്ന് കമീഷണർ ആർ. ആദിത്യയും അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയ എ.സി.പി കെ.ജി. സുരേഷും പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും തൊണ്ടിമുതൽ എങ്ങനെ ചെലവഴിച്ചു എന്നതിനെക്കുറിച്ചും അന്വേഷിച്ചുവരുകയാണ്.

മോഷണശേഷം പ്രതി എടപ്പാളിലെ വീട്ടിൽനിന്ന് ഭാര്യയോടൊപ്പം ചണ്ഡിഗഢിലേക്ക് കടന്നിരുന്നു. അന്വേഷണ സംഘം ചണ്ഡിഗഢിലെത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ തമ്പുരാൻപടിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂന്നുമാസം മുമ്പ് തഞ്ചാവൂർ ജില്ലയിലെ ഒരുപൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതിക്കെതിരെ തമിഴ്നാട്ടിൽ ലുക്കൗട്ട് നോട്ടീസുണ്ട്. തൃശൂർ ജില്ലയിൽ പഴയന്നൂർ, മണ്ണുത്തി, ഒല്ലൂർ സ്റ്റേഷനുകളിലും മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലും പാലക്കാട് ജില്ലയിലെ തൃത്താല, ഷൊർണൂർ സ്റ്റേഷനുകളിലും പ്രതിക്കെതിരെ കേസുണ്ട്.

എറണാകുളത്തെ അങ്കമാലി, എളമക്കര സ്റ്റേഷനുകളിൽ ബൈക്ക് മോഷണത്തിന് കേസുണ്ട്. തമിഴ്നാട്ടിലെ കേസ് വിവരങ്ങൾ ശേഖരിച്ചുവരുകയാണ്. അഞ്ച് സംഘങ്ങളായിട്ടായിരുന്നു പൊലീസ് അന്വേഷണം. എ.സി.പി കെ.ജി. സുരേഷ്, ഗുരുവായൂർ ഇൻസ്പെക്ടർ പി.കെ. മനോജ് കുമാർ, ടെമ്പിൾ ഇൻസ്പെക്ടർ സി. പ്രേമാനന്ദകൃഷ്ണൻ, വടക്കേകാട് ഇൻസ്പെക്ടർ അമൃത് രംഗൻ, എസ്.ഐമാരായ കെ.ജി. ജയപ്രദീപ്, കെ.എൻ. സുകുമാരൻ, പി.എസ്. അനിൽകുമാർ, സുവ്രതകുമാർ, റാഫി, രാകേഷ്, എ.എസ്.ഐ എം.ആർ. സജീവൻ, സീനിയർ സി.പി.ഒ പഴനിസ്വാമി, ടി.വി. ജീവൻ, പ്രദീപ്, കെ.സി. സജീവൻ, സി.പി.ഒമാരായ എസ്. ശരത്, കെ. ആശിഷ്, വി.പി. സുമേഷ്, എം. സുജയ്, സുനീപ്, സി.എസ്. മിഥുൻ, ജിൻസൻ, വിപിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

18 ദിവസത്തിനുള്ളിൽ പ്രതിയെ കുടുക്കി പൊലീസ്

ഗുരുവായൂർ: മോഷണം നടന്ന് 18 ദിവസത്തിനകം പ്രതിയെ പിടികൂടാൻ കഴിഞ്ഞത് പൊലീസിന് അഭിമാനമായി. രണ്ടാഴ്ചകൊണ്ടാണ് പൊലീസ് ആയിരക്കണക്കിന് കിലോമീറ്റർ അകലേക്ക് കടന്നിരുന്ന പ്രതിയുടെ അടുത്തെത്തിയത്. മോഷണം നടന്ന ബാലന്‍റെ വീട്ടിൽനിന്ന് പൊലീസിന് ലഭിച്ചത് അവ്യക്തമായ സി.സി.ടി.വി ദൃശ്യങ്ങളായിരുന്നെങ്കിലും അത് പ്രതിയിലേക്കുള്ള വ്യക്തമായ സൂചനയായി. കുളപ്പുള്ളിയിലെ ഡോക്ടറുടെ വീട്ടിൽ നടന്ന മോഷണ ദൃശ്യങ്ങളുമായുള്ള സാദൃശ്യങ്ങളാണ് ആദ്യ സൂചന നൽകിയത്. അവിടെയുള്ള ദൃശ്യങ്ങൾ കൂടുതൽ വ്യക്തമായിരുന്നു. വിജയ് ധനുഷ് എന്നും നമശിവായം എന്നുമാണ് വലത് കൈത്തണ്ടയിൽ പച്ചകുത്തിയിരുന്നത്. മുടിക്ക് നിറങ്ങൾ നൽകുന്ന രീതിയും പ്രതിയെ തിരിച്ചറിയാൻ സഹായിച്ചു. ടീഷർട്ടും അന്വേഷണ സംഘത്തിന് വിലപ്പെട്ട സൂചന നൽകി. മൊബൈൽ ഫോണും ബാങ്ക് ഇടപാടുകളുമെല്ലാം അന്വേഷണ സംഘത്തെ പ്രതിയിലേക്കെത്തിച്ചു.

Tags:    
News Summary - Youth arrested in Gold theft worth Rs 1.5 crore from house in Guruvayur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.