തൃശൂർ: ജില്ലയുടെ പടിഞ്ഞാറൻമേഖലയുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്ന കോൽമാട് സ്ലൂയിസ് കം ബ്രിഡ്ജ് പദ്ധതി കാലതാമസമില്ലാതെ നടപ്പാക്കാൻ സർക്കാറിന് ഹൈകോടതിയുടെ ഉത്തരവ്. മൂന്ന് മാസത്തിനകം പദ്ധതിയുടെ ഡിസൈനും എസ്റ്റിമേറ്റും സമർപ്പിക്കാൻ ഇറിഗേഷൻ ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് കോടതി നിർദേശം നൽകി. മൂന്ന് പതിറ്റാണ്ടിലേറെ പിന്നിട്ട ജില്ലയുടെ പടിഞ്ഞാറൻ മേഖലയുടെ കുടിവെള്ള പ്രശ്നത്തിൽ സർക്കാർ തലത്തിലുള്ള നിസ്സംഗത ചൂണ്ടിക്കാട്ടി കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നൽകിയ ഹരജിയിലാണ് ഹൈകോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
മണലൂർ, വാടാനപ്പിള്ളി എങ്ങണ്ടിയൂർ, വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി എന്നീ പഞ്ചായത്തുകളിലേയും ഗുരുവായൂർ, ചാവക്കാട് മുനിസിപ്പൽ പ്രദേശങ്ങളിലേക്കും കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതാണ് പദ്ധതി. എനാമാവ് റെഗുലേറ്ററിൽ നിന്ന് നാല് കിലോമീറ്റർ മാറി പാലാഴിയേയും-കോൽമാടിനേയും ബന്ധിപ്പിച്ച കോൽമാട് വഴി സ്കൂയിസ് കം ബ്രിഡ്ജ് സ്ഥാപിക്കണമെന്നതാണ് ആവശ്യം.
മൂന്ന് പതിറ്റാണ്ട് പിന്നിട്ട ആവശ്യത്തിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്തും പിന്നീട് ഒന്നാം പിണറായി സർക്കാറിന്റെ കാലത്തും 10 കോടിയോളം വകയിരുത്തിയിട്ടും പദ്ധതി പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ നഷ്ടമായിരുന്നു. പദ്ധതി പ്രഖ്യാപിച്ചെങ്കിലും ആവശ്യമായ പാരിസ്ഥിതിക പഠനം നടത്താനോ എസ്റ്റിമേറ്റും ഡി.പി.ആറും തയാറാക്കാനോ നടപടിയെടുക്കാത്തത് ഹരജിയിൽ ഉന്നയിച്ചിരുന്നു. സർക്കാറിന്റെയും ഇറിഗേഷൻ പ്രിൻസിപ്പൽ സെക്രട്ടറി, ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരുടെയും ഹരജിക്കാരുടെയും വാദങ്ങൾ കേട്ട കോടതി പദ്ധതിയുടെ പ്രാധാന്യം ബോധ്യപ്പെട്ടുവെന്ന് വ്യക്തമാക്കിയാണ് മൂന്ന് മാസത്തിനുള്ളിൽ ഡിസൈനും എസ്റ്റിമേറ്റും സമർപ്പിക്കാനും കാലതാമസമില്ലാതെ പദ്ധതി നടപ്പാക്കാനും നിർദേശിച്ച് ഉത്തരവിട്ടത്. നിർദേശങ്ങൾ ഏതെങ്കിലും ലംഘനമുണ്ടായാൽ കോടതിയെ സമീപിക്കാൻ ഹരജിക്കാരോടും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.