ഭക്ഷ്യസുരക്ഷ ലൈസൻസും ഹെൽത്ത് കാർഡുമില്ലാത്ത സ്ഥാപനങ്ങൾക്ക് പൂട്ട് വീഴും

കാഞ്ഞാണി: ഭക്ഷ്യസുരക്ഷ ലൈസൻസും ഹെൽത്ത് കാർഡുമില്ലാത്ത സ്ഥാപനങ്ങൾ മണലൂരിൽ വ്യാഴാഴ്ച മുതൽ പ്രവർത്തിക്കില്ല. മണലൂർ പഞ്ചായത്തിലെ കച്ചവടസ്ഥാപനങ്ങൾ, ഹോട്ടലുകൾ, കൂൾബാറുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ തുടങ്ങി ഭക്ഷ്യപദാർഥങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കും.

ഭക്ഷ്യസുരക്ഷ ലൈസൻസും പഞ്ചായത്തിന്‍റെ ഹെൽത്ത് കാർഡുമില്ലാത്ത സ്ഥാപനങ്ങൾ വ്യാഴാഴ്ച മുതൽ പ്രവർത്തിപ്പിക്കില്ലെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. ജോൺസൻ പറഞ്ഞു. കുടുംബസംഗമത്തിനിടെ വിളമ്പിയ ഭക്ഷണം കഴിച്ച് മൂന്നാം ക്ലാസ് വിദ്യാർഥി ആൻസിയ (ഒമ്പത്) മരിക്കുകയും നൂറോളം പേർക്ക് ഭക്ഷ്യവിഷബാധയേൽക്കുകയും ചെയ്ത സംഭവത്തെത്തുടർന്ന് മണലൂർ പഞ്ചായത്ത് വിളിച്ചുകൂട്ടിയ ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെയും മത്സ്യ, മാംസ വിൽപനക്കാരുടെയും യോഗത്തിലാണ് പഞ്ചായത്ത് തീരുമാനം വ്യക്തമാക്കിയത്.

ഓഡിറ്റോറിയത്തിൽ നടക്കുന്ന ഭക്ഷണവിതരണമുള്ള പരിപാടികൾ ആരോഗ്യവിഭാഗത്തെ നേരത്തേ അറിയിക്കണമെന്നും പാചകക്കാരന്‍റെ ഭക്ഷ്യസുരക്ഷ ലൈസൻസ് പ്രദർശിപ്പിക്കണമെന്നും അങ്ങാടികൾ ശുചീകരിക്കണമെന്നും തീരുമാനമായി. രണ്ടുതവണ പിഴ അടച്ചവരുടെ ലൈസൻസ് റദ്ദാക്കാനും പഞ്ചായത്ത് തീരുമാനിച്ചു.

യോഗത്തിൽ വൈസ് പ്രസിഡന്‍റ് പുഷ്പ വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. അജയ് രാജൻ, രാഗേഷ് കണിയാംപറമ്പിൽ, സ്ഥിരം സമിതി ചെയർമാൻമാരായ ടോണി അത്താണിക്കൽ, ഷോയ് നാരായണൻ, ഹെൽത്ത് ഇൻസ്പെക്ടർ ബിമൽ കുമാർ, ഭക്ഷ്യസുരക്ഷ വകുപ്പ് ഇൻസ്പെക്ടർ അരുൺ പി. കാര്യാട്ട് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Hotels not have food safety licenses and health cards, It will be cloed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT