കൊടുങ്ങല്ലൂർ: വെട്ടേറ്റ് പരിക്കേറ്റ വീട്ടമ്മയെ വിദഗ്ധ ചികിത്സക്കായി തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിൽ ചന്തപ്പുരയിലെ സ്വകാര്യ ആശുപത്രിയിൽ കാലതാമസം വന്നതായി ആരോപണം. പണം അടക്കാത്തതുകൊണ്ട് തുടര്‍ചികിത്സക്ക് വിട്ട് കിട്ടാൻ താമസം നേരിട്ടു എന്നാണ് പരാതി.
റിൻസിയെ വിദഗ്ധ ചികിത്സക്ക് തൃശൂരിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ 25,000 രൂപ അടച്ചാൽ മാത്രമേ ഡിസ്ചാർജ് ചെയ്യാൻ കഴിയുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞെന്നാണ് ആരോപണം. ബന്ധുക്കളും പഞ്ചായത്ത് അംഗം പി.കെ. മുഹമ്മദും യു.ഡി.എഫ് കൺവീനർ പി.എസ്. മുജീബ് റഹ്മാനും അടുത്ത ദിവസം പണം അടക്കാം എന്നുറപ്പ് നൽകിയിട്ടും ആശുപത്രി അധികൃതർ വഴങ്ങിയില്ലെന്ന് പറയുന്നു.
തർക്കം തുടർന്നപ്പോൾ സ്ഥലത്തുണ്ടായിരുന്ന കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് ആശുപത്രിക്കാർക്ക് എ.ടി.എം കാർഡ് നൽകി പണം എടുത്ത് എത്രയും പെട്ടെന്ന് യുവതിയെ വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ടുവെങ്കിലും സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവർത്തകർ അങ്ങനെ വേണ്ടതില്ലെന്ന് പറഞ്ഞ് ഡിവൈ.എസ്.പിയെ പിന്തിരിപ്പിക്കുകയായിരുന്നുവത്രെ. 15 മിനിറ്റോളമാണ് വൈകിയത്. 15 മിനിറ്റ് വൈകിയില്ലായിരുന്നെങ്കിൽ ചിലപ്പോൾ റിൻസിയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും മനുഷ്യത്വരഹിത നിലപാട് എടുത്ത ആശുപത്രി അധികൃതർക്കെതിരെ സർക്കാർ കർശനനടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് എറിയാട് പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ പി.കെ. മുഹമ്മദ് പറഞ്ഞു.
അതേ സമയം ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി പബ്ലിക് റിലേഷൻസ് ഓഫിസർ അറിയിച്ചു. യാഥാർഥ്യം ഡിവൈ.എസ്.പിക്ക് അറിയാമെന്നും സ്ഥാപന മേധാവിയോടുള്ള എതിർപ്പാണ് ആരോപണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.