തൃശൂർ: ബി.ജെ.പി തൃശൂർ ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മുൻ ജില്ല പ്രസിഡൻറും സംസ്ഥാന സെക്രട്ടറിയുമായ എ. നാഗേഷ് വിഭാഗത്തെ പൂർണമായും ഒഴിവാക്കിയാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. നാഗേഷ് സമാന്തര ജില്ല കമ്മിറ്റിയായി പ്രവർത്തിക്കുന്നുവെന്ന ഗുരുതര ആരോപണത്തോടൊപ്പം കൊടകര കുഴൽപ്പണ കേസിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയത് നാഗേഷിെൻറ നിലപാടായിരുന്നുവെന്ന് അനീഷ്കുമാർ വിഭാഗം ആരോപിച്ചിരുന്നു.
തിരുവമ്പാടി ദേവസ്വത്തിെൻറ ഉടമസ്ഥതയിലുള്ള കൺവെൻഷൻ സെൻററിൽ പ്രവർത്തിക്കുന്ന ഹോട്ടൽ വാടകയിനത്തിൽ കോടികളുടെ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് ഏറെ ആക്ഷേപമുയർന്ന ജില്ല ജനറൽ സെക്രട്ടറി ഉല്ലാസ് ബാബുവിനെയും 2015ൽ കോർപറേഷനിലേക്ക് സി.പി.എമ്മിെൻറ മേയർ സ്ഥാനാർഥിയായിരുന്ന ഷീല വിശ്വനാഥനെ പരാജയപ്പെടുത്തി വിജയിച്ച് കൗൺസിലറായ ജില്ല സെക്രട്ടറി വിൻഷി അരുൺകുമാറിനെയും സ്ഥാനത്തുനിന്ന് നീക്കി.
നാഗേഷ് വിഭാഗക്കാരനാണ് ഉല്ലാസ് ബാബു. ദേവസ്വവുമായുള്ള ഉല്ലാസ് ബാബുവിെൻറ തർക്കം ശബരിമലയടക്കം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഏറ്റെടുക്കുന്നതിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിൽനിന്ന് മുഖം രക്ഷിക്കൽ കൂടിയാണ് ഒഴിവാക്കലിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
ട്രഷററായിരുന്ന സുജയ് സേനനെ വൈസ് പ്രസിഡൻറാക്കിയപ്പോൾ ഗുരുവായൂരിൽ നിന്നുള്ള കെ.ആർ. അനീഷ് മാസ്റ്ററാണ് പുതിയ ട്രഷറർ. നിലവിൽ ജില്ല ജനറൽ സെക്രട്ടറിയായിരുന്ന കെ.ആർ. ഹരിയെ സ്ഥാനത്ത് നിലനിർത്തി. നേരത്തേ വൈസ് പ്രസിഡൻറായിരുന്ന ജസ്റ്റിൻ ജേക്കബിനെയും ജനറൽ സെക്രട്ടറിയാക്കി. സെക്രട്ടറിമാരിൽ നാലുപേരാണ് വനിതകൾ.
കോർപറേഷൻ കൗൺസിലർമാരായ ഡോ. വി. ആതിരയും പൂർണിമ സുരേഷും ചിയ്യാരത്തുനിന്നുള്ള ലിനി ബിജുവും അവണൂരിൽ നിന്നുള്ള കായിക താരം കൂടിയായ ധന്യ രാമചന്ദ്രനുമാണ് വനിത സെക്രട്ടറിമാർ. എൻ.ആർ. റോഷൻ, ലോജനൻ അമ്പാട്ട് എന്നിവരാണ് മറ്റ് സെക്രട്ടറിമാർ. സുജയ് സേനനെ കൂടാതെ ദയാനന്ദൻ മാമ്പുള്ളി, സർജു തൊയകാവ്, സുരേന്ദ്രൻ ഐനിക്കുന്നത്ത്, ഐ.എൻ. രാജേഷ്, കവിത ബിജു എന്നിവരാണ് വൈസ് പ്രസിഡൻറുമാർ. പി.എസ്. അനിൽകുമാർ ആണ് സെൽ കോഒാഡിനേറ്റർ. വിവിധ മോർച്ച പ്രസിഡൻറുമാരായി യുവമോർച്ച -സബീഷ് മരുതയൂർ, ഒ.ബി.സി മോർച്ച -കെ.എസ്. രാജേഷ്, കർഷക മോർച്ച -വി.വി. രാജേഷ്, മഹിള മോർച്ച - ഇ.പി. ജാൻസി, ന്യൂനപക്ഷ മോർച്ച -ടോണി ചാക്കോള, എസ്.സി മോർച്ച -വി.സി. ഷാജി, എസ്.ടി മോർച്ച - സിമിൽ ഗോപി എന്നിവരെയും നിയമിച്ചതായി ബി.ജെ.പി ജില്ല പ്രസിഡൻറ് കെ.കെ. അനീഷ് കുമാർ അറിയിച്ചു.
നിലവിലെ ജില്ല നേതൃത്വവുമായി തീരെ അടുപ്പമില്ലാത്ത വിധത്തിലാണ് നാഗേഷ്. ജില്ല ഓഫിസിലേക്കോ ജില്ല നേതൃത്വം സംഘടിപ്പിക്കുന്ന പരിപാടികളിലോ വരാറില്ല. സമാന്തരമായി മറ്റു പരിപാടികൾ സംഘടിപ്പിക്കുന്നതും വാർത്തക്കുറിപ്പ് ഇറക്കുന്നതുമാണ് രീതി.
ഗുരുവായൂരിലെ വിഷയങ്ങളിലടക്കം നിയമപോരാട്ടം നടത്തുന്നത് നാഗേഷ് ഒറ്റക്കാണ്. പൂർണമായും തഴഞ്ഞുള്ള പുനഃസംഘടന നീക്കം ജില്ലയിലെ ഗ്രൂപ്പിസം കൂടുതൽ രൂക്ഷമാക്കുമെന്നാണ് നേതാക്കൾതന്നെ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.