തൃശൂർ: സ്കൂൾ കുട്ടികൾക്കും വയറ്റത്തടിയാവുകയാണ് രൂക്ഷമായ വിലക്കയറ്റം. സർക്കാർ നൽകുന്ന തുച്ഛമായ തുക എങ്ങുമെത്താത്ത സാഹചര്യത്തിൽ സ്കൂൾ പാചകപ്പുര പുകയുകയാണ്. രണ്ടു വർഷം മുമ്പ് 600 രൂപയുണ്ടായിരുന്ന പാചകവാതക സിലിണ്ടറിന് ഇപ്പോൾ വില 930 രൂപയാണ്. വലിയ സിലിണ്ടറിന് രൂപ 2000വും. ഉപ്പു തൊട്ട് കർപ്പൂരത്തിന് വരെ വില കയറിയിട്ടും സർക്കാർ സ്കൂളുകൾക്ക് നൽകുന്ന തുകയിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. പച്ചക്കറിയിൽ സാമ്പാറിന് പോലും വില വല്ലാതെയുണ്ട്. സാമ്പാർ കഷണം ഒന്നര കിലോക്ക് 100 രൂപയാണ് വില. തക്കാളി അടക്കം കുമ്പളം വരെ വമ്പൻ വില. അരി, ചെറുപയർ, പയർ എന്നിവ മാവേലി സ്റ്റോറുകളിൽനിന്ന് സബ്സിഡിയോടെ ലഭിക്കും. എന്നാൽ, ഇവയുടെ ലഭ്യതക്കുറവ് വല്ലാതെയുണ്ട്.
ആഴ്ചയിൽ രണ്ടു ദിവസം പാലും മുട്ടയും നൽകേണ്ടതുമുണ്ട്. ഒരു കുട്ടിക്ക് 150 മില്ലിലിറ്റർ പാലാണ് നൽകേണ്ടത്. ഒരു ലിറ്റർ പാലിന് 55 രൂപയാണ് വില. ഒരു മുട്ടക്ക് നാലു രൂപയും. പാചക തൊഴിലാളികളുടെ കൂലി, ഇതര ചെലവുകൾ അടക്കം സ്കൂൾ പാചകപ്പുരകളിലെ ചെലവ് കൂട്ടിമുട്ടിക്കാനാവാതെ നെട്ടോട്ടം ഓടുകയാണ് അധികൃതർ. ഇത് വിലയ ബാധ്യതയായതോടെ നേരത്തേ ഭക്ഷണ വിതരണം ഏറ്റെടുക്കാൻ അധ്യാപകർ മത്സരമായിരുന്നെങ്കിൽ ഇപ്പോൾ പ്രധാനാധ്യാപകർ ഇതര അധ്യാപകരെ കെട്ടിയേൽപിക്കുന്ന അവസ്ഥയാണ്.
സർക്കാർ (256), എയ്ഡഡ് (676), ഏകാധ്യാപക സ്കൂൾ (ഒന്ന്), സ്പെഷൽ സ്കൂൾ (ഒന്ന്) അടക്കം ജില്ലയിൽ 954 സ്കൂളുകളിലായി 2,41,953 കുട്ടികൾക്കാണ് ഉച്ചഭക്ഷണം നൽകുന്നത്. ഇവിടെയെല്ലാം തുച്ഛമായ സർക്കാർ സഹായത്തിൽ മുന്നോട്ടു പോകാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. 100 കുട്ടികളുള്ള സ്കൂളുകളിൽ ആഴ്ചയിൽ ആയിരത്തിൽ അധികം തുക അധിക ബാധ്യതയാവുകയാണ്. ആയിരത്തിൽ അധികം കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്ന സ്കൂളുകളിൽ കോവിഡ് പശ്ചാത്തലത്തിൽ 50 മുതൽ 60 വരെ ശതമാനം വിദ്യാർഥികൾ മാത്രമേ വരുന്നുള്ളൂവെങ്കിലും വലിയ ബാധ്യതയാണ് ഇപ്പോൾ ഉള്ളതെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. വരാത്ത കുട്ടികൾക്ക് അരി അടക്കം സാധനങ്ങൾ വിതരണം ചെയ്യണമെന്ന സർക്കാർ നിലപാട് ബാധ്യത കൂട്ടുന്നതുമാണ്.
സർക്കാർ സഹായം തുച്ഛം
തൃശൂർ: ഒന്നു മുതൽ 150 വരെ കുട്ടികൾക്ക് ഒരാൾക്ക് പ്രതിദിനം എട്ടുരൂപയാണ് സർക്കാർ സഹായം. 151 മുതൽ 500 വരെ ഏഴും 501ന് മുകളിൽ കുട്ടികൾക്ക് ആറു രൂപയുമാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത്. ഉച്ചഭക്ഷണം നൽകുന്നതിന് ഇത് എങ്ങുമെത്താത്ത അവസ്ഥയാണ്. ഇതുതന്നെ ഇപ്പോൾ വിതരണത്തിന് തുടക്കമിടുന്നേയുള്ളൂ. നേരത്തേ നാലു പാദങ്ങളിലായി മുൻകൂട്ടി നൽകിയിരുന്ന തുകയാണ് സ്കൂൾ തുറന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും ലഭിക്കാത്തതിനാൽ സ്കൂൾ അധികൃതർ വലയുന്നത്. അതേസമയം, ഡി.പി.ഐയിൽനിന്ന് തുക ലഭിച്ചിട്ടുണ്ടെന്നും ഒരു ദിവസം 20 സ്കൂളുകൾ എന്ന നിലയിൽ സ്കൂൾ അക്കൗണ്ടുകളിലേക്ക് തുക കൈമാറ്റം തുടങ്ങിയതായുമാണ് ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫിസിൽനിന്ന് ലഭിക്കുന്ന വിവരം. വിവിധ സ്കോളർഷിപ്പുകളുടെ അടക്കം വിതരണം നടക്കുന്നതാണ് സാവകാശത്തിന് കാരണമായി പറയുന്നത്.
ഉച്ചഭക്ഷണത്തിെൻറ ഗുണം കുറയും
തൃശൂർ: സർക്കാർ സഹായം കൂട്ടിയില്ലെങ്കിൽ കുട്ടികൾക്ക് ഗുണമേന്മയുള്ള ഭക്ഷണം ലഭിക്കാതെ പോവുന്ന സാഹചര്യമാണ് നിലവിലുള്ളത്. നഷ്ടം സഹിച്ച് കുട്ടികൾക്ക് ഭക്ഷണം നൽകാൻ സ്കൂൾ അധികൃതർ തയാറാവില്ല.
അങ്ങനെ വരുേമ്പാൾ വിദ്യാർഥികൾക്ക് നിലവിൽ ലഭിക്കുന്ന വിഭവങ്ങളിൽ കുറവുവരും. മാത്രമല്ല, കുറഞ്ഞ വിലയിൽ മോശം സാധനം വാങ്ങുന്ന സാഹചര്യം ഇത് സൃഷ്ടിക്കപ്പെടും. ഇതിന് കളമൊരുക്കാതെ സർക്കാർ സാഹചര്യത്തിന് അനുസരിച്ച് ഉയർന്ന് തുക കൂട്ടുകയാണ് വേണ്ടതെന്ന നിലപാടാണ് അധ്യാപക സമൂഹത്തിനുള്ളത്. അതേസമയം, സാഹചര്യം മനസ്സിലാക്കി അധിക തുക അധ്യാപകർതന്നെ വീതിച്ച് എടുത്ത് ഉച്ചഭക്ഷണം നന്നായി നൽകുന്ന സർക്കാർ, എയ്ഡഡ് സ്കൂളുകളും ഏറെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.