ഇരിങ്ങാലക്കുട: നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ മാസങ്ങളായിട്ടും നടപടി ഉണ്ടാവാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ നിരത്തിലിറങ്ങി. ഇതിനകം നിരവധി അപകടങ്ങളും മരണങ്ങളും സംഭവിച്ച റോഡുകളിൽപോലും കുഴികളടക്കാൻ ഉത്തരവാദപ്പെട്ടവർ നടപടിയെടുത്തിട്ടില്ലെന്നും ഈ സമരം കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഇരിങ്ങാലക്കുടക്കാരുടെ ഒറ്റക്കെട്ടായ പ്രതിഷേധമാണെന്നും സംഘാടകർ വ്യക്തമാക്കി. ഉത്തരവാദപ്പെട്ടവർ ജനങ്ങളുടെ ജീവന് തരിമ്പും വില കൽപിക്കാത്തതിനാൽ നിവൃത്തികേടുകൊണ്ട് റോഡിൽ ഇറങ്ങേണ്ടിവന്നതാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. റോഡ് ബ്ലോക്ക് ചെയ്യാതെ, ഇരിങ്ങാലക്കുട-തൃശൂർ സംസ്ഥാനപാതയിലെ ക്രൈസ്റ്റ് കോളജ് ജങ്ഷനിലാണ് ഒത്തുകൂടിയത്.
പരാതികൾ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ, കലക്ടർ എന്നിവർക്ക് രേഖാമൂലം കൊടുത്തിട്ടും വാക്കാലുള്ള ഉറപ്പല്ലാതെ നടപടികൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞദിവസം ഠാണാ ജങ്ഷന് വടക്ക് റോഡിലെ കുഴിയിൽ വീണ സ്കൂട്ടർ യാത്രക്കാരിയായ ഷേർളിയെ സഹായിച്ച ഓട്ടോ ഡ്രൈവർ ടി.കെ. ഉണ്ണികൃഷ്ണനെ ചടങ്ങിൽ ആദരിച്ചു.
കോടതിയിൽ പൊതുതാൽപര്യഹരജി സമർപ്പിക്കാനും നിയമപരമായി നേരിടാനുമുള്ള നടപടികളുടെ ആദ്യപടിയാണ് സൂചനസമരമെന്ന് സംഘാടകർ വ്യക്തമാക്കി. കാട്ടുങ്ങച്ചിറ-ഇരിങ്ങാലക്കുട റോഡ്, ബൈപാസ്, ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടിന്റെ വശത്തുകൂടെയുള്ള റോഡ്, ഫയർ സ്റ്റേഷനു മുന്നിെല റോഡ്, ക്രൈസ്റ്റ് കോളജ് മുതൽ തൃശൂർ ഹൈവേ വരെയുള്ള റോഡ്, മാർവെൽ ജങ്ഷൻ മുതൽ ഉദയ ഹോസ്റ്റൽ വരെയുള്ള റോഡ് (ഇരിങ്ങാലക്കുടയിൽനിന്ന് ചാലക്കുടി ഭാഗത്തേക്കുള്ള എല്ലാ വണ്ടികളും പോകുന്ന റോഡ്) എന്നീ പ്രധാന റോഡുകളാണ് മാസങ്ങളായി ശോച്യാവസ്ഥയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.