ആമ്പല്ലൂർ: 18 കോടി രൂപ ചെലവിൽ നിർമിച്ച വരന്തരപ്പിള്ളി തോട്ടുമുഖം ജലസേചന പദ്ധതി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 12ന് വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷൻ പള്ളി ഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. കെ.കെ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് എന്നിവർ മുഖ്യാതിഥികളാകും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
പുതുക്കാട് മണ്ഡലത്തിലെ വരന്തരപ്പിള്ളി, അളഗപ്പനഗർ, തൃക്കൂർ, നെന്മണിക്കര, പുതുക്കാട് പഞ്ചായത്തുകൾക്ക് ഗുണകരമാകുന്ന പദ്ധതിയാണിത്. കുറുമാലിപ്പുഴയിൽനിന്ന് പമ്പ് ചെയ്യുന്ന വെള്ളം വേപ്പൂരിലെ ടാങ്കിലെത്തിച്ച് കോൺക്രീറ്റ് കാനയിലൂടെ പീച്ചി ഇടതുകര കനാലിലൂടെയാണ് വിതരണം ചെയ്യുക.
അഞ്ച് പഞ്ചായത്തുകളിലെ 620 ഹെക്ടർ കൃഷിക്കും കുടിവെള്ള പ്രശ്നത്തിനും ഇതോടെ പരിഹാരമാകും. 18 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പദ്ധതി യാഥാർഥ്യമാകുന്നത്. തോട്ടുമുഖം പമ്പ് ഹൗസിൽനിന്ന് രണ്ടര കിലോമീറ്റർ പൈപ്പിട്ടാണ് ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നത്. ഇടതുകര ബ്രാഞ്ച് കനാലിലേക്ക് വെള്ളം എത്തിക്കുന്നതിനായി രണ്ട് കിലോമീറ്ററോളം കോൺക്രീറ്റ് കാനയും നിർമിച്ചിട്ടുണ്ട്. 200 എച്ച്.പിയുടെ നാല് മോട്ടോറുകളും 100 എച്ച്.പിയുടെ രണ്ട് മോട്ടോറുകളും പദ്ധതിക്കായി സ്ഥാപിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, ഇറിഗേഷൻ എ.എക്സ്.ഇ ബിജു പി. വർഗീസ്, എ.ഇ കെ.ആർ. ആര്യ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കൊരട്ടി: ജൽജീവൻ മിഷന്റെ കൊരട്ടി-കാടുകുറ്റി ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10.30ന് പാറക്കൂട്ടത്ത് നടക്കും. മന്ത്രി റോഷിൻ അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സനീഷ് കുമാർ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയാകും.
ജൽ ജീവൻ മിഷൻ പദ്ധതിയുടെ കീഴിൽ 12.84 കോടിയുടെ സാങ്കേതിക അനുമതിയോടെ നിർമിച്ചതാണ് ഈ പദ്ധതി. കൊരട്ടി പഞ്ചായത്തിന് പൂർണമായും കാടുകുറ്റി പഞ്ചായത്തിന് ഭാഗികമായും മേലൂർ പഞ്ചായത്തിന് പരോക്ഷമായും പദ്ധതി ഉപകരിക്കും.
ചാലക്കുടിപ്പുഴയിൽനിന്നുള്ള ജലം കൊരട്ടി പഞ്ചായത്തിലെ പാറക്കൂട്ടത്ത് നിർമിച്ച ആറ് ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണശാലയിൽ എത്തിച്ച് ശുദ്ധീകരിക്കും. പാറക്കൂട്ടത്തിൽ പുതുതായി നിർമിച്ച ഒമ്പത് ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണിയിലും നിലവിലുള്ള 6.5 ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണിയിലും സംഭരിച്ച് പുതുതായി സ്ഥാപിക്കുന്ന വിതരണ ശൃംഖല വഴി പഞ്ചായത്തുകളിൽ വിതരണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.