കൊരട്ടി: ജൽജീവൻ മിഷന്റെ കൊരട്ടി പാറക്കൂട്ടം പ്ലാന്റും മുരിങ്ങൂരിലെ പമ്പ് ഹൗസും നിർമാണം പൂർത്തിയായി. പ്ലാന്റ് ട്രയൽ റൺ നടത്തി. സംസ്ഥാനത്ത് ജൽജീവൻ മിഷനിൽ ആദ്യമായി ഉദ്ഘാടനത്തിന് തയാറായ പ്ലാന്റാണിത്. കൊരട്ടി, കാടുകുറ്റി പഞ്ചായത്തുകളിലെ പതിനൊന്നായിരത്തോളം വീടുകളിൽ പുതിയ പ്ലാന്റിൽനിന്ന് ജലവിതരണം സാധിക്കുന്ന വിധമാണ് പദ്ധതി ആസൂത്രണം ചെയ്തത്.
11 കോടി രൂപ ചെലവിൽ നിർമിച്ച യൂനിറ്റിന് പ്രതിദിനം ആറ് ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുണ്ട്. പുതുതായി നിർമിച്ച ഒമ്പത് ദശലക്ഷം ശേഷിയുള്ള ഒ.എച്ച് ടാങ്കിനൊപ്പം നിലവിലെ 6.65 ദശലക്ഷം ശേഷിയുള്ള ടാങ്കും പദ്ധതിക്കായി പ്രവർത്തിപ്പിക്കും.
ചാലക്കുടിപ്പുഴയിൽനിന്ന് മുരിങ്ങൂരിൽ സ്ഥാപിച്ച പമ്പ് ഹൗസ് മുഖേന മൂന്നര കി.മീറ്റർ അകലെയുള്ള പാറക്കൂട്ടം പ്ലാന്റിൽ വെള്ളമെത്തിച്ച് ഏഴ് ഘട്ടങ്ങളിലൂടെ ശുദ്ധീകരണം നടത്തിയാണ് വിതരണം ചെയ്യുക. പമ്പ് ഹൗസിനോട് ചേർന്ന് നിർമിച്ച കിണറ്റിലെ പാറ പൊട്ടിച്ചുനീക്കൽ, പാറക്കൂട്ടം പ്ലാന്റിലേക്ക് പമ്പിങ് മെയിൻ പൈപ്പ് സ്ഥാപിക്കൽ, മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡിന് കുറുകെ പൈപ്പ് സ്ഥാപിക്കൽ എന്നിവയായിരുന്നു പദ്ധതി നേരിട്ട പ്രധാന വെല്ലുവിളികൾ. പാറ പൊട്ടിച്ചുനീക്കാനുള്ള അനുമതി നീണ്ടുപോയി.
പദ്ധതിരേഖ തയാറാക്കിയപ്പോൾ പൈപ്പ് സ്ഥാപിക്കാൻ അനുമതി നൽകാമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചെങ്കിലും ദേശീയപാത വികസന ചർച്ച ആരംഭിച്ചതോടെ അനുമതി നൽകാൻ വിസമ്മതിച്ചു.
ഇതോടെ പൈപ്പ് ലൈനിടൽ നിശ്ചലാവസ്ഥയിലായി. എം.എൽ.എ ഇടപെട്ട് ഒരുവ്യക്തിയുടെ ഭൂമിയിലൂടെ പൈപ്പ് ഇടാൻ സമ്മതം നേടിയതോടെയാണ് പ്രവൃത്തി പുനരാരംഭിച്ചത്. സാധാരണനിലയിൽ കിഫ്ബി റോഡുകൾക്ക് കുറുകെ യൂട്ടിലിറ്റീസ് അനുവദിക്കാറില്ല.
എന്നാൽ, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരുമായി എം.എൽ.എ നടത്തിയ ചർച്ചകളിലാണ് മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡിന് കുറുകെ പൈപ്പ് സ്ഥാപിക്കാൻ അനുമതി ലഭിച്ചത്.നിലവിൽ മേലൂർ ദേവരാജഗിരിയിലുള്ള പ്ലാന്റിൽനിന്നാണ് കൊരട്ടി, മേലൂർ പഞ്ചായത്തുകളിൽ ജലവിതരണം നടത്തുന്നത്.
പുതിയ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ പഴയ പ്ലാന്റിൽനിന്ന് മേലൂരിൽ മാത്രമായി സ്വതന്ത്ര ജലവിതരണം സാധ്യമാകുമെന്നതിനാൽ മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങൾക്കാണ് ഗുണം ലഭിക്കുക. ഇതോടെ എല്ലാ ദിവസവും ജലവിതരണം നടത്താൻ സാധിക്കും.
സനീഷ് കുമാർ ജോസഫ് എം.എൽ.എ, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, പഞ്ചായത്ത് അംഗം കെ.ആർ. സുമേഷ്, ഫിൻസോ തങ്കച്ചൻ, കിഫ്ബി നാട്ടിക േപ്രാജക്ട് എക്സിക്യൂട്ടിവ് എൻജിനീയർ ബോബിൻ മത്തായി, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ എച്ച്.ജെ. നീലിമ, അസിസ്റ്റന്റ് എൻജിനീയർ വി.കെ. അനൂപ്, ലെയ്സൺ ഓഫിസർ തദ്ദേവൂസ് ഷൈൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ട്രയൽ റൺ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.