തൃശൂർ: വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്ന് പണം വാങ്ങി സ്ഥാപന നടത്തിപ്പുകാർ മുങ്ങിയതായി പരാതി. തൃശൂർ കൊക്കാലെ മേപ്പ്ൾ ടവറിൽ പ്രവർത്തിച്ചിരുന്ന ‘കാസിൽഡ എബ്രോഡ് എജുക്കേഷൻ’ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി.
വിദേശ വിദ്യാഭ്യാസ കൺസൽട്ടൻസിയെന്നാണ് അവകാശപ്പെടുന്നതെങ്കിലും വിദേശത്ത് ജോലി ശരിയാക്കാമെന്ന് പറഞ്ഞാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉദ്യോഗാർഥികളെ ആകർഷിച്ചിരുന്നു. ഏതാണ്ട് 200 പേരെ കബളിപ്പിച്ചതായാണ് തിങ്കളാഴ്ച സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധവുമായി എത്തിയവർ പറഞ്ഞത്.
ആസ്ട്രേലിയ, പോളണ്ട്, ലക്സംബർഗ് എന്നിവിടങ്ങളിൽ സൂപ്പർ മാർക്കറ്റുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടെന്നും 120 ദിവസത്തിനകം വിസ ശരിയാക്കുമെന്നുമായിരുന്നു വാഗ്ദാനം. വാഗ്ദാനം ചെയ്ത ദിവസം അടുത്തിട്ടും ഒന്നും നടക്കാതെ പലരും ഓഫിസിലേക്ക് വിളിച്ചുകൊണ്ടിരുന്നു.
ശനിയാഴ്ച മുതൽ ഫോൺ എടുക്കാത്തതിനാൽ അന്വേഷിച്ച് എത്തിയപ്പോഴാണ് പൂട്ടിപ്പോയതായി അറിഞ്ഞത്. തിങ്കളാഴ്ച കൂടുതൽ ആളുകൾ എത്തി പ്രതിഷേധിക്കുകയും ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
ആസ്ട്രേലിയയിലെ സൂപ്പർ മാർക്കറ്റിലേക്ക് വിസ വാഗ്ദാനം ചെയ്ത കുന്നത്തങ്ങാടി സ്വദേശിനി പി.എസ്. ജയയോട് എട്ടുലക്ഷം രൂപയാണ് സ്ഥാപന നടത്തിപ്പുകാർ ആവശ്യപ്പെട്ടത്. ഇതിൽ ഒന്നര ലക്ഷം കൊടുത്തു. വിസ വന്നാൽ രണ്ടര ലക്ഷവും ബാക്കി ജോലി ലഭിച്ച ശേഷം എട്ട് മാസങ്ങളിലായി ശമ്പളത്തിൽനിന്ന് നൽകണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നു. പ്രതിമാസം രണ്ട് ലക്ഷത്തോളം ഇന്ത്യൻ രൂപയാണ് വാഗ്ദാനം ചെയ്തിരുന്നത്.
പോളണ്ടിലേക്ക് വിസക്ക് പണം കൊടുത്ത ചിലർ ഒരു വർഷത്തോളമായി സ്ഥാപന നടത്തിപ്പുകാരുടെ പിന്നാലെ നടക്കുകയാണെന്ന് തിങ്കളാഴ്ച പ്രതിഷേധിക്കാൻ എത്തിയപ്പോഴാണ് പലരും മനസ്സിലാക്കിയത്.
ജയ മാർച്ച് 20നാണ് ഒന്നര ലക്ഷം രൂപ കൊടുത്തത്. പിന്നീട് വിസയുടെ കാര്യം അന്വേഷിച്ച് വിളിക്കുമ്പോഴെല്ലാം സാങ്കേതിക നടപടിക്രമങ്ങൾ പറയും. സ്ഥാപനത്തിൽ ആറ് വനിത ജീവനക്കാരാണ് ഉണ്ടായിരുന്നത്. അവർക്കും ശമ്പളം കിട്ടാത്ത പ്രശ്നവും പരാതിയും ഉണ്ടത്രെ. പണം നഷ്ടപ്പെട്ടവർ പൊലീസ് എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയിലാണ്.
‘കാസിൽഡ’ എന്ന സ്ഥാപനത്തിൽ നടക്കുന്നത് ദുരൂഹമായ കാര്യങ്ങളാണെന്ന് കാണിച്ച് ആറുമാസം മുമ്പ് പൊലീസിൽ പരാതി നൽകിയിട്ടും ഒന്നും ചെയ്തില്ലെന്നും അതാണ് മെച്ചപ്പെട്ട സമ്പാദ്യമുള്ള ജോലി പ്രതീക്ഷിച്ച് പണം നൽകിയ ഒട്ടേറെ പാവങ്ങൾ കബളിപ്പിക്കപ്പെടാൻ കാരണമെന്നും സ്ഥാപനം പ്രവർത്തിച്ചിരുന്ന സ്ഥലത്തിന്റെ ഉടമ ഗിരീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
സുഭാഷ് രാഘവൻ എന്നയാളുമായാണ് സ്ഥലത്തിന്റെ കരാർ ഉണ്ടാക്കിയിരുന്നത്. 12 മാസമായി തനിക്ക് വാടക തരാറില്ല. ഇതിനെത്തുടർന്ന് കരാർ പുതുക്കി നൽകിയില്ല. അതിനെതിരെ സ്ഥാപന നടത്തിപ്പുകാർ കോടതിയിൽനിന്ന് ഇഞ്ചങ്ഷൻ നേടി. ആറ് മാസം മുമ്പ് നൽകിയ പരാതി ഓർമിപ്പിച്ച് മൂന്നുമാസം മുമ്പ് വീണ്ടും പൊലീസിന് മെയിൽ അയച്ചുവെന്ന് വിദേശത്ത് ജോലി ചെയ്യുന്ന ഗിരീഷ് പറഞ്ഞു. വിളിച്ചാൽ അവർ ഫോൺ എടുക്കാറില്ല.
മുമ്പ് വളർകാവിലെ ഒരു വീട്ടിലാണ് സ്ഥാപന നടത്തിപ്പുകാർ വാടകക്ക് താമസിച്ചിരുന്നതെന്ന് കേട്ടിരുന്നു. അവിടെ വാടക കൊടുക്കാതെ ഒഴിവാക്കുകയോ മറ്റോ ആയിരുന്നു. അന്വേഷണവുമായി എത്തുന്നവരെ നേരിടാൻ ഗുണ്ടകളെ നിയോഗിച്ചിരുന്നതായും ഗിരീഷ് ആരോപിച്ചു. താൻ മുമ്പ് നൽകിയ പരാതിയിൽ നടപടി എടുത്തിരുന്നെങ്കിൽ ഇപ്പോഴത്തെ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നും അത് ഒത്തുതീർക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും ഗിരീഷ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.