അതിരപ്പിള്ളി: കാലടി പ്ലാന്റേഷൻ വനഭൂമിയിലേക്ക് ആളുകൾ അതിക്രമിച്ചു കടക്കുന്നത് വർധിച്ച സാഹചര്യത്തിൽ കർശന നടപടിയുമായി വനംവകുപ്പ്. വന്യജീവികളെ നേരിട്ട് കാണാനും അവയുടെ ഫോട്ടോയും വിഡിയോയും എടുക്കാനുമായി പുറമെനിന്ന് ആളുകൾ വരുന്ന പ്രവണത വർധിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വനംവകുപ്പിന്റെ അടിയന്തര ഇടപെടൽ.
മലയാറ്റൂർ, വാഴച്ചാൽ ഡി.എഫ്.ഒമാരും പ്ലാന്റേഷൻ അധികൃതരും മറ്റ് വനംവകുപ്പ് ഉദ്യോഗസ്ഥരും പി.സി.കെ ഉദ്യോഗസ്ഥരും കഴിഞ്ഞദിവസം യോഗം ചേർന്നാണ് തീരുമാനമെടുത്തത്.
പകലും രാത്രിയും കാലടി പ്ലാന്റേഷൻ വനഭൂമിയിലേക്ക് വിനോദ സഞ്ചാരികളടക്കം പുറമെനിന്നുള്ളവരുടെ കടന്നുകയറ്റമുണ്ടെന്ന പരാതി നാളുകളായുണ്ട്. ഇതിന്റെ ഭാഗമായി വന്യജീവികളുടെ സൈര്യ വിഹാരത്തിന് തടസ്സമുണ്ടാകുകയും വന്യജീവികൾ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങൾ ഉണ്ടാവുന്നതും പതിവാണ്.
ഏതാനുംദിവസംമുമ്പ് ഓണത്തിന് പ്ലാന്റേഷനിൽ രാത്രിയിൽ ആനയെ കാണാനെത്തിയവരുടെ കാർ കാട്ടാന തല്ലിതകർത്തിരുന്നു. ഇതിന് തടയിടാൻ ഈ മേഖലയിൽ പൊതുജനങ്ങൾ പ്രവേശിക്കുന്നത് നിയന്ത്രിക്കുന്നതടക്കമുള്ള നടപടികളാണ് കൈക്കൊള്ളുക.
പി.സി.കെയുടെ അധീനതയിലുള്ള വനഭൂമിയിലൂടെയുള്ള റോഡിലൂടെ അനധികൃതായി പെതുജനങ്ങൾ പ്രവേശിക്കുകയോ പ്ലാൻറേഷൻ ജീവനക്കാർ നേരിട്ട് പൊതുജനങ്ങളെ കടത്തികൊണ്ടുവരുകയോ ചെയ്താൽ അവർക്കെതിരെ വന്യജീവി സംരക്ഷണ നിയമം, കേരള വനനിയമം എന്നിവ അനുസരിച്ച് കേസെടുക്കും.
വന്യജീവികളെ പ്രകോപിപ്പിക്കുന്ന രീതിയിൽ പെരുമാറുന്നതും അവയുടെ ഫോട്ടോ എടുക്കുന്നതും അനാവശ്യമായ വനഭൂമിയിൽ വഴിയോരത്ത് വാഹനം പാർക്ക് ചെയ്ത് സംഘർഷ സാധ്യത കൂട്ടുന്നതും മറ്റ് നിയമവിരുദ്ധപ്രവർത്തനങ്ങൾ ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ വനംവകുപ്പും പി.സി.കെയും കർശനമായ നിയമ നടപടിയെടുക്കുവാനും തീരുമാനിച്ചു.
പി.സി.കെയുടെ ചെക്ക് പോസ്റ്റുകളിലൂടെ കടന്നുപോകുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾക്ക് സമയം രേഖപ്പെടുത്തിയ സ്ലിപ് നൽകും. അനധികൃതമായി റോഡുവക്കിൽ സ്റ്റേ ചെയ്ത് അപകടം വിളിച്ചുവരുത്താതിരിക്കാൻ വേണ്ടിയാണിത്. അപകടസാധ്യത കണക്കിലെടുത്ത് വൈകീട്ട് അഞ്ചിനുശേഷം സ്വകാര്യ വാഹനങ്ങളുടെ പ്രവേശനം നിരോധിക്കാനും പി.സി.കെ ജീവനക്കാരുടെ വാഹനങ്ങൾ തിരിച്ചറിയുന്നതിന് പ്രത്യേക സ്റ്റിക്കർ പതിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
പ്ലാന്റേഷൻ ചെക്ക് പോസ്റ്റുകളിലെ സെക്യൂരിറ്റി കാമറകൾ പ്രവർത്തനക്ഷമമാക്കുകയും പി.സി.കെ വാച്ചർമാറുടെ ജോലി സമയം സംഘർഷ സാധ്യത കൂടിയ മേഖലകളിൽ ദീർഘിപ്പിക്കുകയും ചെയ്യും. ജോലി സമയത്ത് വാച്ചർമാരും സ്റ്റാഫുകളും കൃത്യമായി തിരിച്ചറിയൽ കാർഡ് ധരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. വനപാതയിലൂടെയുള്ള യാത്രക്കാർക്കുള്ള നിർദേശങ്ങളടങ്ങിയ നോട്ടീസ് ബോർഡും അപകട സാധ്യത മുന്നറിയിപ്പ് സൂചിപ്പിക്കുന്ന ബോർഡും വനംവകുപ്പും പി.സി.കെയും ചേർന്ന് സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. വന്യജീവികൾ കൂടുതലായി കാണുന്ന കുളിരാന്തോട് ഭാഗത്ത് പ്രത്യേക ലൈറ്റ് വാഴച്ചാൽ ഡിവിഷനിൽനിന്ന് അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.