കാന്തപുരത്തിന് ഭൂമി: സർക്കാർ വസ്തുത പുറത്തുപറയണം -കേരള മുസ്‌ലിം ജമാഅത്ത്

തൃശൂർ: കാന്തപുരത്തിന് സർക്കാർ ഭൂമി പതിച്ചുനൽകിയെന്ന തരത്തിൽ ചിലർ നടത്തിയ വ്യാജ ആരോപണത്തിൽ സർക്കാർ വസ്തുത വ്യക്തമാക്കാൻ തയാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒരു തുണ്ട് ഭൂമിപോലും കാന്തപുരത്തിന്റെ പ്രസ്ഥാനം സര്‍ക്കാറില്‍നിന്ന് നേടിയിട്ടില്ല. മാന്യതയുണ്ടെങ്കില്‍ അത് തെളിയിക്കണം. സ്വന്തം കാര്യങ്ങള്‍ നേടിയെടുക്കാനുള്ള ചിലരുടെ കുത്സിത ശ്രമങ്ങളുടെ ഭാഗമായി മാത്രമേ ഇത്തരം പ്രസ്താവനകളെ കാണാന്‍ കഴിയൂ.

കേരളത്തില്‍ മുസ്‌ലിംകള്‍ അനര്‍ഹമായി പലതും നേടിയെടുക്കുന്നുവെന്ന ചില കേന്ദ്രങ്ങളില്‍നിന്നുള്ള പ്രചാരണം വസ്തുതകള്‍ക്ക് നിരക്കാത്തതും നിരുത്തരവാദപരവുമാണെന്ന് നേതാക്കള്‍ പറഞ്ഞു. മദ്റസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുവെന്ന് കുപ്രചാരണം നടത്തുന്നവര്‍ക്ക് ചൂട്ടുപിടിച്ചുകൊടുക്കുകയാണ് സമൂഹത്തിലെ ചിലര്‍.

കേരളത്തിൽ ഒരു മദ്റസ അധ്യാപകനും സര്‍ക്കാര്‍ ശമ്പളം നല്‍കുന്നില്ല. അസത്യം പ്രചരിപ്പിക്കുന്നവരെ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും. കേരളത്തിലെ ജനങ്ങളുടെ സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ പുരോഗതി വിലയിരുത്തുന്നതിന് ജാതി സെന്‍സസ് നടപ്പാക്കണമെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹീം ഖലീല്‍ ബുഖാരി തങ്ങൾ, സെക്രട്ടറിമാരായ പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, മജീദ് കക്കാട് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Kerala Muslim Jamaat statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.