തൃശൂർ: റീബിൽഡ് കേരള പദ്ധതിയിൽപെടുത്തി പുനരുദ്ധരിക്കുന്ന തൃശൂർ-കുറ്റിപ്പുറം റോഡിന്റെ അറ്റകുറ്റപ്പണിയിൽ വീഴ്ചവരുത്തിയതിന് കെ.എസ്.ടി.പി കുറ്റിപ്പുറം ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ എസ്.എം. അഷ്റഫിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയാറാക്കിയതിലും ടെൻഡർ ചെയ്തതിലും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി കെ.എസ്.ടി.പി ചീഫ് എൻജിനീയർ സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു.
പാറമേക്കാവ് മുതൽ തൃശൂർ ജില്ലാ അതിർത്തിയായ കല്ലുംപുറം വരെ 33 കിലോമീറ്റർ ദൈർഘ്യമുള്ള സംസ്ഥാന പാത റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധരിക്കാനാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതി തയാറാക്കിയത്. പ്രവൃത്തിയിൽ വീഴ്ച വരുത്തിയ ആദ്യ കരാറുകാരെ നീക്കംചെയ്തിരുന്നു. റീടെൻഡറിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും അതുവരെ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചു. ഇതിന് തയാറാക്കിയ എസ്റ്റിമേറ്റിന്റെ ആധികാരികത ഉറപ്പാക്കി സാങ്കേതികാനുമതി നൽകുന്നതിലും ടെൻഡർ ചെയ്യുന്നതിലും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അവലോകന യോഗങ്ങളിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുന്നറിയിപ്പ് നൽകിയിരുന്നു. തൃശൂർ-കുറ്റിപ്പുറം റോഡിലെ അറ്റകുറ്റപ്പണിക്കെതിരെ ആരോപണങ്ങളുയർന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.