കൊടുങ്ങല്ലൂർ: ഒരു മുഖ്യമന്ത്രിയെ തൊടാനും അരികിൽ നിൽക്കാനും കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു നാഗാലൻഡിലെയും മിസോറമിലെയുമെല്ലാം കുട്ടികൾ. സന്തോഷം അതിരുകടന്നതോടെ ഒരു നാഗാ പയ്യൻ എഴുന്നേറ്റ് തന്റെ ശിരസ്സിലണിഞ്ഞിരുന്ന പരമ്പരാഗത കിരീടം ആ മുഖ്യമന്ത്രിയുടെ ശിരസ്സിലണിയിച്ചത് ആവേശകരവും നിറപ്പകിട്ടാർന്നതുമായ കാഴ്ചയായി. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഒരു ചിരിയേടെ ശിരസ്സ് കുനിച്ച് നിന്ന് ആ സ്വീകരണം ഏറ്റുവാങ്ങിയതും നിറവാർന്ന കാഴ്ചയായി.
ഭരണകർത്താക്കൾ അപ്രാപ്യരായ ആ കുട്ടികൾക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമൊത്തുള്ള കൂടിച്ചേരൽ ആശ്ചര്യകരമായ അനുഭവമായിരുന്നു. 2014ൽ കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് നടന്ന ജാഗ്രൺ ഭാരത് ദേശീയോദ്ഗ്രഥന ക്യാമ്പ് ഉദ്ഘാടന വേളയിലായിരുന്നു ഈ രംഗം.
കൊടുങ്ങല്ലൂരിലെ ഫോട്ടോഗ്രഫർ കെ.ആർ. സതീശനാണ് ആ ദൃശ്യം തനിമയോടെ കാമറയിൽ പകർത്തിയത്. ഇന്ത്യയിലെ വിവിധ ദേശ ഭാഷാ വേഷക്കാരായ ഇരുപതിലേറെ സംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടികൾ പങ്കെടുത്ത ദേശീയോദ്ഗ്രഥന ക്യാമ്പിന്റെ ഉദ്ഘാടകനായാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി എത്തിയത്. അവരിലേറെ പേർക്കും ഒരു മുഖ്യമന്ത്രിയോട് അടുത്ത് ചേർന്നത് അത്ഭുതമായിരുന്നു.
ഉമ്മൻ ചാണ്ടിക്കും പങ്കെടുത്ത എല്ലാവർക്കും വ്യത്യസ്തമായ അനുഭൂതി പകർന്ന ക്യാമ്പിന്റെ സംഘാടനം അന്നത്തെ കൊടുങ്ങല്ലുർ എം.എൽ.എയായിരുന്ന ടി.എൻ. പ്രതാപൻ, വി.എം. ജോണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു. ഉമ്മൻ ചാണ്ടിയോടൊത്തുള്ള കൊടുങ്ങല്ലൂരിന്റെ നിറമുള്ള ഓർമകളിൽ പ്രധാനപ്പെട്ട മറ്റൊന്നാണ് അദ്ദേഹത്തിന് നൽകിയ മഹാത്മാ പുരസ്കാര സമർപ്പണം. 1990ൽ യു.ഡി.എഫ് കൺവീനർ സ്ഥാനം വഹിച്ചിരുന്ന വേളയിലാണ് പുരസ്കാരം സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.