കൊടുങ്ങല്ലൂർ: സിനിമാസ്വാദക മനസുകളിൽ ചിര പ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളിലൂടെ അര നൂറ്റാണ്ടിലേറെ കാലം മലയാള സിനിമയിൽ നിറഞ്ഞുനിന്ന കൊടുങ്ങല്ലൂരിന്റെ സ്വന്തം ബഹദൂർ എന്ന കുഞ്ഞാലുവിന്റെ വേർപാടിന് 23 വർഷം. 2000 മെയ് 21ന് ചെന്നൈയിൽ വെച്ചായിരുന്നു മലയാള ചലച്ചിത്ര പ്രേമികളെ വേദനിപ്പിച്ച ആ വിയോഗം. 22ന് കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ പൊതുദർശനത്തിന് വെച്ച ശേഷം വൈകുന്നേരത്തോടെ കാതിയാളം ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് മൃതദേഹം ഖബറടക്കിയത്.
പടിയത്ത് കൊച്ചു മൊയ്തീന്റെ മകനായി ജനിച്ച കുഞ്ഞാലുവിന് സ്ക്കൂൾ പഠനകാലത്തേ അഭിനയത്തോടുള്ള അഭിനിവേശം ഉടലെടുത്തിരുന്നു. ക്രമേണ കലാരംഗത്തേക്ക് ചുവടുകൾ വെച്ചെങ്കിലും ജീവിത പ്രാരാബ്ദം പ്രതിസന്ധിയായതോടെ അദ്ദേഹത്തിന് കണ്ടക്ടർ ജോലിയിൽ ജീവിത മാർഗം തേടേണ്ടി വന്നു. എന്നാൽ കലാഭിനിവേശം തുടിക്കുന്ന മനസ്സുമായി ബഹദൂറിന് ആ ജോലിയിൽ തുടരാൻ കഴിഞ്ഞില്ല. വൈകാതെ നാടക രംഗത്തേക്കും ഒപ്പം ചലച്ചിത്ര വേദിയിലേക്കും അദ്ദേഹം കടന്നു. അന്നത്തെ പ്രധാന നടൻമാരിൽ ഒരാളായ തിക്കുറുശ്ശി സുകുമാരൻ നായരാണ് കുഞ്ഞാലുവിനെ ബഹദൂറാക്കി മാറ്റിയത്.
വർഷങ്ങളോളം കൊടുങ്ങല്ലൂരിനെ മലയാള ചലച്ചിത്ര വിഹായസിൽ അഭിമാനപൂർവ്വം അടയാളപ്പെടുത്തിയ ബഹദൂർ പ്രശസ്തനായ കലാകാരൻ എന്നതിനൊപ്പം മനുഷ്യസ്നേഹിയായ വ്യക്തിത്വം കൂടിയായിരുന്നു. കരുണാർദ്രമായ മനസ്സ് നിരവധി പേർക്ക് തുണയേകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ആ പാത പിൻതുടരുന്നവരാണ്. സ്നേഹനിധിയായ ആ സഹോദരനെ കുറിച്ച് സഹോദരിമാരിലൊരായ കൊടുങ്ങല്ലൂർ കോത പറമ്പിലെ ആരിഫ മുഹമ്മദ് മൂപ്പൻ ഇന്നും ഏറെ വാചാലയാണ്.
സഹോദരങ്ങൾക്കിടയിലെ ദൃഢമായ ആത്മബന്ധത്തെകുറിച്ച് 'നിങ്ങളുടെ ബഹദൂർ ഞങ്ങളുടെ കുഞ്ഞിക്ക ' എന്ന പുസ്തകത്തിൽ അവർ വരച്ചുകാട്ടുന്നുണ്ട്. 2000ത്തിൽ പുറത്തിറങ്ങിയ ലോഹിതദാസിന്റെ ജോക്കറിൽ ഏവരുടെയും ഉള്ളുലക്കുന്ന കഥാപാത്രമായാണ് ആ അനശ്വര നടൻ അവസാനമായി വേഷമിട്ടത്.
അനശ്വര നടന്റെ ഓർമ അദ്ദേഹത്തിന്റെ സ്മരണാർഥമുള്ള പുരസ്ക്കാര സമർപ്പണത്തോടെ അടുത്തിടെ വരെ പ്രൗഢഗംഭീരമായി കൊടുങ്ങല്ലൂരിൽ ആചരിച്ചിരുന്നു. ജന്മഗ്രാമമായ കാരയിലും അനുസ്മരണങ്ങൾ നടക്കാറുണ്ടായിരുന്നു. ബഹദൂർ ചാരിറ്റീസ് നടപ്പാക്കുന്ന പ്ലസ് ടു മുതൽ പ്രഫഷണൽ കോഴ്സ് വരെ പഠിക്കുന്ന സാമ്പത്തിക ശേഷിയില്ലാത്ത വിദ്യാർഥികൾക്കുള്ള സ്ക്കോളർഷിപ്പ് വിതരണം മികച്ച തോതിലാണ് മുന്നോട്ട് പോകുന്നത്.
ബഹദൂർ റോഡ്, ജൻമ ഗ്രാമമായ കാരയിലെ ബഹദൂർ സ്മാരക ഗ്രാമീണ വായനാശാല, ബഹദൂർ കൺവെൻഷൻ സെൻറർ എന്നിവയും ജന്മനാട്ടിൽ ബഹദൂർ സ്മരണ ദീപ്തമാക്കുന്നു. ഭരണാനുമതി ലഭിച്ച ബഹദൂർ സ്മാരക സ്റ്റേഡിയത്തിന്റെ നിർമാണത്തിനാണ് നാട്ടുകാർ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.