കൊടുങ്ങല്ലൂർ: ഭൂമി കച്ചവടത്തിന്റെ പേരിൽ സാധാരണക്കാരായ പലരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്നതായി പരാതി. കൊടുങ്ങല്ലൂരിലും പരിസരപ്രദേശങ്ങളിലുമുള്ള പല ഭൂമികളും ചൂണ്ടിക്കാട്ടിയാണ് ഇവർ മുൻകൂറായി ലക്ഷങ്ങൾ വാങ്ങിക്കുന്നതെന്നാണ് പരാതി. ഒരേ ഭൂമി തന്നെ ചൂണ്ടിക്കാട്ടിയാണ് പലരിൽ നിന്നും പണം മുൻകൂറായി വാങ്ങുന്നത്. ഒട്ടേറെ പേർ ഇങ്ങനെ ഈ ഭൂമാഫിയയുടെ തട്ടിപ്പിനിരയായതായി പറയുന്നു.
ഒരു ഭൂമി കാണിച്ചുകൊടുത്ത് അത് വാങ്ങിത്തരാം എന്ന് പറഞ്ഞ് അഡ്വാൻസിനത്തിൽ പണം വാങ്ങുകയും കരാർ എഴുതുകയും പിന്നീട് ഇവർ ബന്ധപ്പെടാതിരിക്കുകയുമാണ് ചെയ്യുന്നത്. പലരെയും ഭീഷണിപ്പെടുത്തുകയും കൊടുത്ത ചെക്കുകളും കരാറുകളും തിരിച്ച് വാങ്ങുകയും ചെയ്യും. കബളിപ്പിക്കപ്പെട്ട പലരും വിവരം പുറത്തു പറയുന്നില്ല. എറിയാട് താമസക്കാരനായ ഭൂമാഫിയ സംഘാംഗമാണ് ഇതിന് നേതൃത്വം കൊടുക്കുന്നതത്രെ.
ഭൂമികച്ചവടത്തിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ട കബിളിപ്പിക്കപ്പെട്ടവരുടെ യോഗം കൊടുങ്ങല്ലൂർ മിനി ടൂറിസ്റ്റ് ഹോമിൽ ചേർന്ന് ജനകീയ കൂട്ടായ്മ രൂപവത്കരിച്ചു.
കോടിക്കണക്കിന് രൂപ സാധാരണക്കാരിൽ നിന്ന് തട്ടിയെടുക്കുന്ന ഭൂമാഫിയയെ പിടികൂടി നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും പണം തിരിച്ചുകിട്ടാൻ നടപടി സ്വീകരിക്കണമെന്നും ജനകീയ കൂട്ടായ്മ പൊലീസിനോട് അഭ്യർഥിച്ചു.
ഭാരവാഹികളായി പി.കെ. മുരളി, ഇ.എം. സിദ്ദീഖ് എന്നിവരെ തെരഞ്ഞെടുത്തു. പൊലീസിന് കൂട്ടായി നിവേദനം നൽകാനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.