കൊടുങ്ങല്ലൂർ: മരണപ്പെട്ട ഭർത്താവിന്റെ ബാങ്ക് നിക്ഷേപം തട്ടിയെടുത്തെന്ന പരാതിയിൽ നീതി തേടി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങിയ സ്ത്രീ ഒടുവിൽ ആത്മഹത്യക്ക് ശ്രമിച്ചു. അഴീക്കോട് സ്വദേശി പൊൻപ്പനാട്ട് പരേതനായ സന്തോഷ് ലാലിന്റെ ഭാര്യ എൽസിയാണ് (58) ആത്മഹത്യ ചെയ്യാനായി കോട്ടപ്പുറം പാലത്തിലെത്തിയത്.
ആളുകൾ ഇടപെട്ടതോടെ ഇവർ സ്ഥലത്ത് ഇരുന്നു. സ്ഥലത്തെത്തിയ കൊടുങ്ങല്ലുർ സ്റ്റേഷനിലെ വനിത പൊലീസ് എൽസിയെ അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇവരെ പിന്നീട് എടവിലങ്ങ് ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റി.
ദാരിദ്ര്യവും രോഗവും വേട്ടയാടുന്ന ഇവർ കൊച്ചി തോപ്പുംപടിയിൽ വാടകക്കാണ് താമസിക്കുന്നത്. 2021ലാണ് ഭർത്താവ് മരിച്ചത്. പിന്നീടാണ് ഭർത്താവിന്റെ പേരിലുള്ള ലക്ഷങ്ങൾ ബാങ്കിൽനിന്ന് പിൻവലിച്ചതായി അറിഞ്ഞത്. തുടർന്ന് പൊലീസ് സ്റ്റേഷനിലും മനുഷ്യാവകാശ കമീഷനിലും പരാതി നൽകിയെങ്കിലും നടപടിയായില്ല.
ഏറെ വൈകിച്ച് കഴിഞ്ഞ ഡിസംബറിലാണ് പൊലീസ് കേസെടുക്കാൻ തയാറായത്. പേക്ഷ കുറ്റക്കാരെ കണ്ടെത്താനായില്ല. ഇതിനിടെ, പൊലീസുകാർ പലവട്ടം സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും പരാതി പിൻവലിപ്പിക്കാൻ സമ്മർദം ചെലുത്തിയതായും ഇവർ പറഞ്ഞു.
ഡി.ജി.പിക്ക് നൽകിയ പരാതിയെത്തുടർന്നാണ് തിങ്കളാഴ്ച ഇവരെ വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഉച്ചയോടെ സ്റ്റേഷനിൽ എത്തിയ എൽസി വൈകുന്നേരം വരെ കാത്തിരുന്നെങ്കിലും കേസന്വേഷിക്കുന്ന പൊലീസുകാരൻ എത്തിയില്ല.
ഒടുവിൽ വൈകുന്നേരത്തോടെ ഫോണിൽ വിളിച്ച പൊലീസുകാരൻ രണ്ട് ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞു. ഇതോടെ മാനസികമായി തകർന്ന ഇവർ സ്റ്റേഷനിൽനിന്ന് ഇറങ്ങി തന്റെ മൃതദേഹം മെഡിക്കൽ കോളജിന് നൽകണമെന്ന് കാക്കനാട്ടെ ഒരു സ്ത്രീയെ ഫോണിൽ വിളിച്ച് അറിയിച്ച് ആത്മഹത്യ ചെയ്യാനായി കോട്ടപ്പുറം പാലത്തിൽ എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.