കൊടുങ്ങല്ലൂർ: എസ്.എൻ പുരം പഞ്ചായത്തിലെ കോതപറമ്പ് വാടയിൽ കുടിവെള്ളം കിട്ടാതെ നട്ടം തിരിയുന്ന വീട്ടമ്മമാർ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ തടഞ്ഞു.
ആഴ്ചകളായി കുടിവെള്ളം ലഭിക്കാതെ ദുരിതം അനുഭവിക്കുന്നവരാണ് ഉദ്യോഗസ്ഥരുടെ ജീപ്പ് തടഞ്ഞത്.
ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. വാട പ്രദേശത്തെ കുടിവെള്ള ക്ഷാമത്തെ കുറിച്ച് അന്വേഷണത്തിനെത്തിയ വാട്ടർ അതോറിറ്റി അസി. എൻജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന് മുന്നിൽ വീട്ടമ്മമാർ പ്രതിഷേധവുമായി എത്തുകയായിരുന്നു.
കുടിവെള്ള ക്ഷാമം പരിഹരിക്കാതെ ഉദ്യോഗസ്ഥരെ വിട്ടയക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. ഇതിനിടെ പഞ്ചായത്തംഗം ഉൾപ്പടെയുള്ള ജനപ്രതിനിധികളുമായി നാട്ടുകാർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഒരു മണിക്കൂറിലധികം സമയം ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു.
പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അവശ്യമായ നടപടി സ്വീകരിക്കുമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പ് കിട്ടിയതോടെയാണ് നാട്ടുകാർ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ വിട്ടയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.