കൊടുങ്ങല്ലൂർ: ചാവക്കാട് മുതൽ എറിയാട് വരെ കുടിവെള്ള വിതരണം നടത്തുന്ന നാട്ടിക ഫർക്ക കുടിവെള്ള പദ്ധതിയുടെ പഴയ പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ളം കൃത്യമായി എത്തിക്കണമെന്ന ഹരജിയിൽ ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയക്കാൻ ഹൈകോടതി ഉത്തരവ്. പൊതു പ്രവർത്തകരായ പി.എ. സീതി മാസ്റ്റർ, കെ.എ. ധർമരാജൻ എന്നിവർ അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേന സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.
കേരള ജല അതോറിറ്റി ചീഫ് എൻജിനീയർ, ജില്ല പഞ്ചായത്ത്, ശ്രീനാരായണപുരം പഞ്ചായത്ത്, ജലജീവൻ മിഷൻ ഡയക്ടർ എന്നിവർക്കാണ് നോട്ടിസ് അയച്ചത്.
1981ലാണ് നെതർലാൻഡ് സർക്കാറിന്റെ ധനസഹായത്തോടെ തീരദേശ മേഖലയിലെ പത്ത് പഞ്ചായത്തുകളിൽ നാട്ടിക ഫാർക്ക വാട്ടർ പ്രൊജക്ടിന് കീഴിൽ കുടിവെള്ള വിതരണം ആരംഭിച്ചത്. 320 കി.മീറ്റർ നീളത്തിൽ കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ളം വിതരണം നടന്നെങ്കിലും പിന്നീട് ഗാർഹിക കണക്ഷനുകൾ വർധിച്ചത് കാരണം 1300 കി.മീറ്ററോളം നീളത്തിൽ പൈപ്പുകൾ ഇടേണ്ടി വന്നു.
അതോടുകൂടി വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞു. പലസ്ഥലങ്ങളിലും വെള്ളം കിട്ടാതായി. വാടാനപ്പിള്ളി, ഏങ്ങണ്ടിയൂർ, നാട്ടിക, എടതുരുത്തി, വലപ്പാട്, എടതിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം കൂടുതൽ ബാധിച്ചു.കരുവന്നൂർ പുഴയിൽ നിന്നു വരുന്ന വെള്ളം വെള്ളാനി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ ശുദ്ധീകരിച്ചാണ് വരുന്നതെങ്കിലും കാലപ്പഴക്കത്താൽ മിക്കപ്പോഴും ഇവിടത്തെ മോട്ടോറുകൾ അറ്റക്കുറ്റപ്പണിയിലാണ്.
ശ്രീനാരായണപുരം പഞ്ചായത്തിന് കീഴിലുള്ള 400 കുടുംബങ്ങൾ താമസിക്കുന്ന ആല ഗോതുരുത്തിൽ ടാങ്ക് സ്ഥാപിച്ച് കുടിവെള്ളം ദിവസവും എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇടക്കാല ഉത്തരവിനായി ഹരജിയും കൊടുത്തിട്ടുണ്ട്. രണ്ടാഴ്ച കഴിഞ്ഞാൽ ഹരജി വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.