കൊടുങ്ങല്ലൂർ: ദേശീയപാത 66ലെ കൊടുങ്ങല്ലൂർ ബൈപാസിൽ ഡിവൈ.എസ്.പി ഓഫിസ് ജങ്ഷനിൽ സുരക്ഷിത ക്രോസിങ് സംവിധാനം ഉണ്ടാകുമെന്ന ഉറപ്പ് ലംഘിച്ച് അധികൃതരുടെ ചതിപ്രയോഗമെന്ന് ആേക്ഷപം. എലിവേറ്റഡ് ഹൈവേ കർമസമിതിയാണ് അധികൃതർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. സുരക്ഷിത ക്രോസിങ് സംവിധാനം കൊണ്ടുവരാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടികൾ എടുക്കണമെന്ന് കർമസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന് പടിഞ്ഞാറ് കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയെ രണ്ടായി പിളർത്തി എൻ.എച്ച് 66ൽ 3.5 കിലോമീറ്റർ നീളത്തിൽ ബൈപാസ് കടന്നുപോകുന്ന സാഹചര്യത്തിലാണ് സി.ഐ സിഗ്നലിൽ എലിവെറ്റഡ് ഹൈവേ വേണമെന്ന് ആവശ്യം കർമസമിതി ഉയർത്തിയതും പ്രവർത്തനം തുടങ്ങിയതും.
2012ൽ എലിവേറ്റഡ് ഹൈവേ സമരം ഒത്തുതീർന്നത് നഗരത്തിന്റെ മധ്യഭാഗം ആയതിനാൽ അവിടെ എലിവേറ്റഡ് ഹൈവേ വരുന്നതുവരെ സിഗ്നൽ ആകാമെന്ന ഉറപ്പ് ലഭിച്ചതോടെയാണ്. പിന്നീട് പുതിയ എൻ.എച്ച് 66 പ്രോജക്ട് വന്നപ്പോൾ എലിവേറ്റഡ് ഹൈവേ നഗരത്തിന്റെ വടക്കേ അറ്റത്തേക്ക് മാറ്റുകയും സി.ഐ സിഗ്നലിൽ ലൈറ്റ് വെഹിക്കുലാർ അണ്ടർ പാസ് (എൽ.വി.യു.പി) നൽകും എന്നാണ് രേഖകളിൽ കണ്ടിരുന്നത്.
ശാസ്ത്രീയ പരിഹാരം മാർഗം അങ്ങനെയെങ്കിൽ അതാകട്ടെ എന്ന് കരുതി കർമസമിതി അംഗീകരിച്ചിരുന്നു. എന്നാൽ ഏതാനും ദിവസം മുമ്പ് സ്ഥലത്തെത്തിയ എൻ.എച്ച്.എ.ഐ അധികൃതർ ഇവിടെ എൽ.വി.യു.പിയും ഇല്ലെന്നാണ് അറിയിച്ചത്.
ഇതോടെ അധികൃതർ നേരത്തേ നൽകിയ ഉറപ്പും വാഗ്ദാനങ്ങളും ചതിയാണെന്ന് ബോധ്യമായി. ചന്തപ്പുരയിൽ ഫ്ലയ് ഓവറും 470 മീറ്റർ വടക്ക് മാറി വയഡക്റ്റും നൽകുമ്പോൾ സി.ഐ ഓഫിസ് സിഗ്നലിൽ ഒരു ക്രോസിങ് സംവിധാനവും ഇല്ലാത്ത അവസ്ഥയാണ്. ഇതിനെതിരെ കൊടുങ്ങല്ലൂർ നഗരവാസികളുടെ പ്രതിഷേധം ഉയരണം.
അഴീക്കോട് പാലം അടക്കം വരുമ്പോൾ ചന്തപ്പുരയിൽ ഉണ്ടാക്കാൻ പോകുന്ന ഗതാഗതക്കുരുക്ക് വിവരണാതീതമാണ്. കൊടുങ്ങല്ലൂർ ക്ഷേത്രം, താലൂക്ക് ആശുപത്രി, വിദ്യാലയങ്ങൾ, സിവിൽ സ്റ്റേഷൻ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയെല്ലാം നഗരമധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്.
നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുനിന്ന് വിദ്യാർഥികളും ദൈനംദിന കാര്യങ്ങൾക്കും മറ്റുമായി നൂറുകണക്കിന് മനുഷ്യരാണ് നഗരത്തിലെത്തുന്നത്.
കൂടാതെ ഭരണിക്കും താലപ്പൊലിക്കും എത്തുന്നവർക്കെല്ലാം സുരക്ഷിത ക്രോസിങ് അനിവാര്യമാണെന്നും കർമസമിതി ചൂണ്ടിക്കാട്ടി. ഭാരവാഹികളും അംഗങ്ങളുമായ ഡോ. ഒ.ജി. വിനോദ്, അഡ്വ. കെ.കെ. അൻസാർ, അഡ്വ. വി.എം. മുഹിയുദ്ദീൻ, പി. സുരേഷ് മാസ്റ്റർ, എം.പി. മനോജ്, കെ.സി. ജയൻ, പി.ജി. നൈജി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.