കൊടുങ്ങല്ലൂർ: ഒറ്റയാൾ സമരക്കാരൻ അയ്യാരിൽ അബ്ദുൽ ലത്തീഫിന്റെ അപകട മരണത്തെ തുടർന്ന് കൊടുങ്ങല്ലൂർ ബൈപാസിൽ അബ്ദുൽ ലത്തീഫ് സ്മൃതി കൂട്ടായ്മ ഏറ്റെടുത്ത സത്യഗ്രഹം നൂറാം ദിവസത്തിലേക്ക്. ബുധനാഴ്ച നഗരസഭക്ക് മുന്നിൽ കൂട്ട ഉപവാസം നടത്തിയാണ് 100ാം സമര ദിനം കൂട്ടായ്മ ആചരിക്കുന്നത്. ബൈപാസിലെ വിവിധ സിഗ്നലുകളിൽ വൈകീട്ട് റാന്തൽ വിളക്കുമായി നടത്തിവരുന്ന സമരം 50ാം ദിവസം പിന്നിട്ട ദിവസം നഗരസഭ കെട്ടിടത്തിന് മുമ്പിലേക്ക് മാർച്ചും ധർണയും നടത്തിയിരുന്നു. സമരക്കാരുടെ ആവശ്യം ഭരണക്കാർ അവഗണിക്കുന്നതിനിടയിലാണ് വീണ്ടും നഗര കേന്ദ്രം സമര വേദിയാകുന്നത്. നഗരസഭ ദേശീയപാത അതോറിറ്റിയെ കുറ്റപ്പെടുത്തിയും സമരത്തെ നിസാരവത്കരിച്ചും നിസംഗത പുലർത്തുമ്പോൾ, നഗരസഭ മുൻകൈയെടുത്ത് ബന്ധപ്പെട്ടവരുടെ അനുവാദം നേടി നഗര ഹൃദയത്തിലെ ബൈപാസിൽ വെളിച്ചമെത്തിക്കണമെന്നാണ് സമരക്കാർ ആവശ്യപ്പെടുന്നത്.
നഗരസഭ വിഷയം ഗൗരവത്തിലെടുക്കുന്നില്ലെങ്കിലും ചില കൗൺസിലർമാർ അവർക്ക് നിലാവ് പദ്ധതി പ്രകാരം ലഭിച്ച വഴി വിളക്കുകൾ ബൈപാസിൽ സർവിസ് റോഡിനോട് ചേർന്ന കെ.എസ്.ഇ.ബി പോസ്റ്റുകളിൽ ഇതിനകം സ്ഥാപിച്ചിരുന്നു. സമാന രീതിയിൽ സർവിസ് റോഡിനോട് ചേർന്ന മറ്റു പോസ്റ്റുകളിലും ലൈറ്റുകൾ സ്ഥാപിച്ച് വഴിവിളക്ക് പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാമെന്നാണ് സമരക്കാർ ചൂണ്ടിക്കാണിക്കുന്നത്. അനുവാദം വാങ്ങാതെ മോട്ടോർ വാഹന വകുപ്പ് ബൈപാസിൽ കാമറകൾ സ്ഥാപിക്കുമ്പോഴും ഏതെങ്കിലും എൻ.ഒ.സിയെപ്പറ്റി പറഞ്ഞ് ഭരണാധികാരികൾ നഗരവാസികളെ വഞ്ചിക്കരുതെന്ന് 98ാം ദിവസമായ തിങ്കളാഴ്ച പടാകുളം സിഗ്നലിൽ നടന്ന സത്യഗ്രഹം ഉദ്ഘാടനം ചെയ്തുകൊണ്ട് റിട്ട. തഹസിൽദാർ ടി.ജി. ലീന പറഞ്ഞു. പുഷ്കല വേണുരാജ് അധ്യക്ഷത വഹിച്ചു. സ്മൃതി സമിതി ചെയർമാൻ നെജു ഇസ്മയിൽ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. കുഞ്ഞു മൊയ്തീൻ, പി.ജി. മുരളീധരൻ, കെ.എച്ച്. ശശികുമാർ, ഇ.കെ. സോമൻ, മൊയ്തീൻ എടച്ചാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.