അഴീക്കോട്: തീരദേശവാസികളുടെ ചിരകാലാഭിലാഷമായ അഴീക്കോട്-മുനമ്പം പാലത്തിന് സാങ്കേതികാനുമതി ലഭിച്ചു. കഴിഞ്ഞ വർഷം ഭരണാനുമതി ലഭിച്ച പാലത്തിെൻറ പ്ലാനും എസ്റ്റിമേറ്റും അംഗീകരിച്ചാണ് അനുമതി.
കയ്പമംഗലം, വൈപ്പിൻ എം.എൽ.എമാരായ ഇ.ടി. ടൈസൺ, കെ.എൻ. ഉണ്ണികൃഷ്ണൻ എന്നിവരുടെ താൽപര്യപ്രകാരം തുടർനടപടികൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിെൻറ ചേംബറിൽ നടന്ന ഉന്നതതല യോഗത്തിൽ പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി ആനന്ദ് സിങ് ഐ.എ.എസ്, റോഡ് ഫണ്ട് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് എൻജിനിയർ ഡിങ്കി, എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രസീന റാഫി, ജില്ല പഞ്ചായത്തംഗം സുഗത ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം നൗഷാദ് കറുകപ്പാടത്ത് വിവിധ വകുപ്പ് ഉദ്യോസ്ഥർ എന്നിവർ പങ്കെടുത്തു.
കയ്പമംഗലം മണ്ഡലത്തിെൻറ പൊതുവികാരമെന്ന നിലയിൽ സാങ്കേതികാനുമതി ലഭ്യമായതിൽ സന്തോഷമുണ്ടെന്ന് ഇ.ടി. ടൈസൺ പറഞ്ഞു. കഴിഞ്ഞ ദിവസം എം.എൽ.എമാരുടെ നേതൃത്വത്തിൽ എറണാകുളം ഗെസ്റ്റ് ഹൗസിലും ജില്ല കലക്ടർ ജാഫർ മാലിക്കിെൻറ അധ്യക്ഷതയിൽ പാലം നിർമാണവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത യോഗം നടന്നു.
പാലം നിർമാണം മത്സ്യബന്ധന യാനങ്ങളുടെ ഗതാഗതത്തിന് തടസ്സമാകുമെന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി വേണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഉദ്യോഗസ്ഥരും വ്യക്തമാക്കി. സ്ഥലമെടുപ്പ് വേഗത്തിൽ പൂർത്തിയാക്കി ടെൻഡർ നടപടികളിലേക്ക് കടക്കാനും യോഗം തീരുമാനിച്ചിരുന്നു. തീരദേശ ഹൈവേയുടെ ഭാഗമായ പാലത്തിന് സ്ഥലമെടുപ്പ് ഉൾപ്പെടെ 154.62 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.