കൊടുങ്ങല്ലൂർ: പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്ത മതിലകത്തെ മോഷണക്കേസിലെ പ്രതി തെളിവെടുപ്പിന് പോയി തിരികെ വരുംവഴി ആലപ്പുഴയിൽ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മോഷണക്കേസുകളിൽ പ്രതിയായ വാടാനപ്പള്ളി സ്വദേശി ബാദുഷ (33) ആണ് രക്ഷപ്പെട്ടത്. ആലപ്പുഴ എസ്.ഡി കോളജിന് സമീപമായിരുന്നു സംഭവം.
മതിലകം പുതിയകാവിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ നിന്ന് ആറ് ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് മോഷ്ടിച്ച കേസിലാണ് ബാദുഷയെ പൊലീസ് അറസ്റ്റ് ചെയ്തത്. മലഞ്ചരക്ക് കടത്താനുപയോഗിച്ച വാഹനം ഇയാൾ കായംകുളത്ത് സൂക്ഷിച്ചിരുന്നു. ഇതെടുക്കാനായി പൊലീസ് ജീപ്പിൽ പോയി തിരികെ വരുന്നതിനിടെയാണ് രക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ വാഹനം നിർത്തിയ സമയത്താണ് പ്രതി കടന്നുകളഞ്ഞത്. ഭക്ഷണം കഴിക്കാൻ ഒരു കൈ അഴിച്ചു കൊടുത്ത സമയത്താണ് വിലങ്ങുമായി ഓടി രക്ഷപ്പെട്ടത്.
നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ബാദുഷ. കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് ബാദുഷയെ മതിലകം എസ്.ഐ.യും .എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് ടീം ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതി ചാടി പോയതിന് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്.
കൊടുങ്ങല്ലൂർ: നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാദുഷയെ പൊലീസ് സംഘം പിടികൂടിയത് 130 കിലോമീറ്റർ പിന്തുടർന്ന്. കേരളത്തിൽ മിക്കയിടങ്ങളിലും ചുറ്റിക്കറങ്ങുന്ന ഇയാളെ മൊബൈൽ ലോക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് പിന്തുടർന്നത്. പാലക്കാട് ജില്ലയിൽ പ്രവേശിച്ചതിന് പിറകെ സമർഥമായി പൊലീസ് സംഘം ഇയാളെ വലയിലാക്കുകയായിരുന്നു. മതിലകം എസ്.ഐ. മുഹമ്മദ് റാഫി, തൃശൂർ എസ്.പി നവനീത് ശർമ്മയുടെ കീഴിലുള്ള ഡാൻസാഫ് സംഘത്തിലെ ജി.എസ്.ഐ പ്രദീപ്, എസ്.സി.പി.ഒ ലിജു ഇയ്യാനി, സി.പി.ഒമാരായ നിഷാന്ത്, ബിജു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടി മതിലകം സ്റ്റേഷന് കൈമാറിയത്. മതിലകം പൊലീസിനാണ് അടക്കമോഷണ കേസിന്റെ അന്വേഷണച്ചുമതല. അടിമാലി, കിളിമാനൂർ, കോട്ടയം, കുറ്റിപ്പുറം, കാട്ടൂർ, തുടങ്ങി വിവിധയിടങ്ങളിൽ ഇയാൾ മലഞ്ചരക്ക് മോഷ്ടിച്ച കേസിലെ പ്രതിയാണ്. മതിലകത്തെ സ്കൂളിൽ മുമ്പ് നടന്ന മോഷണം ഉൾപ്പെടെ മറ്റു കേസുകളും ഇയാൾക്കെതിരെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.