തൃശൂർ: ശബരിമലയിലെ കെ.എസ്.ആർ.ടി.സി ബസ് വൃത്തിഹീനമായി സർവിസ് നടത്തിയെന്ന പരാതിയിൽ റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ, റീജനൽ ട്രാൻസ്പോർട്ട് എൻഫോഴ്സ്മെന്റ് വിഭാഗം, ജില്ല ട്രാൻസ്പോർട്ട് ഓഫിസർ, ജില്ല പൊലീസ് മേധാവി എന്നിവരോട് പത്തനംതിട്ട കലക്ടർ റിപ്പോർട്ട് തേടി. വിവരാവകാശ സംഘടനയായ തൃശൂർ നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി. സതീഷ് നൽകിയ പരാതിയിലാണ് ഇടപെടൽ.
ശബരിമല ദർശനം കഴിഞ്ഞുമടങ്ങിയ സതീഷ് പമ്പയിൽനിന്ന് നിലക്കലിലേക്ക് യാത്ര ചെയ്ത ബസിന്റെ അകവും പുറവും വൃത്തിഹീനമായ നിലയിലായിരുന്നു. വാഹനത്തിന്റെ എൻജിൻ പ്രവർത്തനത്തിൽ അപശബ്ദങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ബസിൽ നിന്നുമിറങ്ങി മറ്റൊരു സ്വകാര്യ വാഹനം ഉപയോഗിച്ച് യാത്ര ചെയ്യേണ്ടി വന്നു.
പത്തനംതിട്ട ജില്ല കലക്ടർക്ക് രേഖാമൂലം പരാതി നൽകുകയായിരുന്നു. ഇതിലാണ് കലക്ടർ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടിയത്.ഭൂരിഭാഗം കെ.എസ്.ആർ.ടി.സി ബസുകളും മോശം പരിപാലനത്തിലാണ് നിലക്കൽ, പമ്പ സർവിസ് നടത്തുന്നതെന്നും ശബരിമല മലനിരകൾ വഴി സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബസുകളുടെ ഫിറ്റ്നസ് പരിശോധന വാഹന വകുപ്പ് നടത്തണമെന്നും പരിശോധന നടത്തിയ ബസുകളുടെ നമ്പരുകൾ, ചെക് റിപ്പോർട്ടുകൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പദവിയും പേരും എന്നിവ ആവശ്യപ്രകാരം പരാതിക്കാരന് നൽകണമെന്നും കലക്ടർ റിപ്പോർട്ട് തേടിയതിൽ ആവശ്യപ്പെട്ടു.
നിലക്കൽ പമ്പ ബസ് വൃത്തിയാക്കുവാൻ നാല് താൽക്കാലിക ജീവനക്കാരുണ്ടെന്നും പമ്പ ബസ് സ്റ്റേഷനിൽ വൃത്തിയാക്കാൻ സൗകര്യമുണ്ടെന്നും കെ.എസ്.ആർ.ടി.സി നൽകിയ രേഖയിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.