തൃശൂര്‍: കേരളത്തില്‍ ബി.ജെ.പിക്ക് സ്പേസ് ഉണ്ടാക്കുന്നതാണോ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ ജോലിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. യു.ഡി.എഫ് തൃശൂര്‍ ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.ഡി.എ മിക്ക ലോക്സഭ മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്തെത്തുമെന്നാണ് ഇ.പി. ജയരാജന് പറയുന്നത്. അതിനർഥം അത്രയും മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്ത് വരുമെന്നാണെന്നും ഇതിനാണോ ജയരാജന് എല്‍.ഡി.എഫ് കണ്‍വീനറായി തുടരുന്നതെന്നും വി.ഡി. സതീശന് ചോദിച്ചു. കേരളത്തില്‍ സി.പി.എം-ബി.ജെ.പി ധാരണ ഉണ്ടെന്നത് വ്യക്തമാണ്. കരുവന്നൂരില്‍ ഇ.ഡി അന്വേഷണത്തിലെ മെല്ലെപ്പോക്ക് അതിന് ഉദാഹരണമാണ്. സി.പി.എമ്മിലെ ജില്ലയിലെ മുഴുവന്‍ നേതാക്കളുടെ തലയിലും ഡെമോക്ലിസിന്റെ വാള് പോലെ ഇ.ഡി തൂങ്ങി നില്‍ക്കുകയാണ്. പക്ഷേ ആരേയും അറസ്റ്റ് ചെയ്യില്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരായ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്താന്‍ എസ്.എഫ്.ഐ.ഒക്ക് എട്ട് മാസം വേണമെന്ന് പറഞ്ഞതിലേ ധാരണ മണത്തതാണ്. ഇപ്പോള്‍ എസ്.എഫ്.ഐ.ഒ അന്വേഷണം എവിടെയാണ്. എന്ത് ധൈര്യത്തിലാണ് മോദി ഇനിയും ഗാരന്റിയെക്കുറിച്ച് പറയുന്നത്. 2014ല്‍ നല്കിയ ഏത് ഗാരന്റിയാണ് നടപ്പാക്കിയതെന്ന് മോദി വ്യക്തമാക്കണം. മോദിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്നും സതീശന് പറഞ്ഞു. യു.ഡി.എഫ് ജില്ല ചെയർമാൻ എം.പി. വിൻസെൻറ് അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എം.പി, മുൻ സപീക്കർ തേറമ്പിൽ രാമകൃഷ്ണൻ, അബ്ദുറഹ്മാൻ രണ്ടത്താണി, ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂർ, ഒ. അബ്ദുറഹ്മാൻ കുട്ടി, തോമസ് ഉണ്ണിയാടൻ, സി.എച്ച്. റഷീദ്, സി.എ. മുഹമ്മദ് റഷീദ്, ജോബി, സി.വി. കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.